പ്രേക്ഷക ഹൃദയം തൊടുന്ന തൊട്ടപ്പനിലെ ആ ഗാനം ഇതാണ്; വീഡിയോ കാണാം…

June 9, 2019

സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം തൊട്ടപ്പനിലെ ഗാനം പുറത്തിറങ്ങി. ‘ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത കവി അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.

ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതിയിലൂടെ അപൂർവ്വമായൊരു ബന്ധുത്വം സൃഷ്ടിക്കപെട്ട ഫ്രാൻസീസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന നോവലിനെ സിനിമാരൂപത്തിലേക്ക് പി എസ് റഫീക്ക് മൊഴിമാറ്റിയപ്പോള്‍ കഥയില്‍ ചില വിട്ടുകളയലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. മോഷണം തൊഴിലായി സ്വീകരിച്ച  ഇത്താകിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്.

ചിത്രത്തില്‍ നായിക പുതുമുഖതാരമായ പ്രിയംവദയാണ്.. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സിനിമയ്ക്കപ്പുറവും ജീവിതമെന്ന തോന്നിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ ഒരു തുരുത്തിനെ ചുറ്റുപറ്റി നടക്കുന്ന കഥാപശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ ഭംഗിയും ജീവനും അതേപടി പകർത്തിയെടുത്തിട്ടുണ്ട്. തിയേറ്റർ വിട്ടിറങ്ങിയാലും ചിത്രത്തിലെ ചില ഗാനങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തിൽ മുഴങ്ങികേട്ടുകൊണ്ടേയിരിക്കും. അത്തരത്തിൽ ഒരു ഗാനമാണ് ‘ഒരു തുരുത്തിൻ ‘.

Read also: ‘ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളിലും നീ എന്നോടൊപ്പം ചേർന്നുനിന്നു’; റിമയെ അഭിനന്ദിച്ച് പാർവ്വതി 

വിനായകനെപോലെ അഭിനയമികവുകൊണ്ട് സമ്പന്നരാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. ‘കിസ്മത്ത്’ എന്ന ചിത്രത്തിന് ശേഷം തൊട്ടപ്പനിലൂടെ പ്രേക്ഷക ഹൃദയം തൊട്ടറിഞ്ഞിരിക്കുകയാണ് ഷാനവാസ് കെ ബാവക്കുട്ടി എന്ന സംവിധായകൻ