ഫോണിലെ ബാറ്ററി ചാര്‍ജ് ആകാന്‍ മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്…!
മറ്റുള്ളവരെ പറ്റിക്കാനും അതുപോലെ മറ്റുള്ളവരാല്‍ പറ്റിക്കപ്പെടാനും ഇക്കാലത്ത് വളരെ എളുപ്പമാണ്. അതുകൊണ്ടാണല്ലോ പല വ്യാജ സന്ദേശങ്ങളെയും വിശ്വസിച്ച് നാം മണ്ടന്മാരാകുന്നതും. പല രൂപത്തിലാണ് വ്യാജ സന്ദേശങ്ങളും വാര്ക്കളുമൊക്കെ നമുക്ക് മുന്നിലേക്കെത്തുന്നത്. സത്യാവസ്ഥ മനസിലാക്കാതെ നാമും പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നു.
ഫോണ്‍ ബാറ്ററി ചാര്‍ജ് ആവണമെങ്കില്‍ ചില മെസേജുകള്‍ ഷെയര്‍ ചെയ്താല്‍ മതി എന്ന തെറ്റിദ്ധാരണ പലരിലും ഉണ്ട്. പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പുകലില്‍ നമ്മെ തേടിയെത്തുന്ന ഒരു സന്ദേശമുണ്ട്, ‘എത്രയും വേഗം ഈ മെസേജ് മൂന്ന് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യൂ… നിങ്ങളുടെ ഫോണിന്റെ ബാറ്ററി 100 ശതമാനം ചാര്‍ജ് ആകും’. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒരുതവണയെങ്കിലും ലഭിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കാം. എന്നാല്‍ ശരിക്കും എന്താണ് ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… നൂറ് ശതമാനവും തെറ്റായ സന്ദേശമാണ് ഇത്.
ഇത്തരം വ്യാജ സന്ദേശങ്ങള്‍ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെ ആയെങ്കിലും ഇപ്പോഴും ഇവ നിറഞ്ഞാടുന്നു. ഇപ്പോഴും പലരും ഇത്തരം സന്ദേശങ്ങള്‍ സത്യാവസ്ഥ തിരിച്ചറിയാതെ പലരിലേക്കും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലാണ് പലപ്പോഴും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാറ്.
അതേസമയം പലപ്പോഴും ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം ഫോണ്‍ നമ്പറുകളും പലരും പങ്കുവയ്ക്കാറുണ്ട്. ഒപ്പം ബാറ്ററി ചാര്ജായില്ലെങ്കില് നിങ്ങള്‍ക്ക് എന്നെ വിളിക്കാം’ എന്ന കുറിപ്പും ചേര്‍ക്കും. എന്നാല്‍ ഈ നമ്പരിലേക്ക് വിളിച്ചാലോ ലഭ്യമാകുന്നത് സന്ദേശത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ആളെയായിരിക്കും. അതായത് പലരുടെയും ഫോണ്‍ നമ്പറും ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചുരുക്കം. എന്തായാലും ഇത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണം.