“ഹലോ മാമുക്കോയ ആണോ, അപ്പോ നിങ്ങള് മരിച്ചില്ലേ…”; സ്വന്തം മരണ വാര്‍ത്തയ്ക്ക് മറുപടി പറയേണ്ടി വരുമ്പോള്‍…

May 8, 2020
misinformation campaign

എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്‍ജിനല്‍’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട് വ്യാജന്മാര്‍ ഏറെ. വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാതെ അത്തരം വാര്‍ത്തകള്‍ മറ്റ് പലരിലേക്കും പങ്കുവെയ്ക്കുന്നവരാണ് നമ്മളില്‍ പലരും. വ്യാജന്മാരില്‍ ഏറെയും മരണവാര്‍ത്തകളാണ്.

നിരവധി താരങ്ങളെ ഇങ്ങനെ നിര്‍ഭയം കൊന്നൊടുക്കിയിട്ടുണ്ട് വ്യാജവാര്‍ത്തകള്‍. സത്യാവസ്ഥ തിരിച്ചറിയാതെ ഇത്തരം വാര്‍ത്തകള്‍ നാം പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തോട് ചെയ്യുന്ന വലിയ ഒരു അപരാധമായി തന്നെ വേണം ഇതിനെ കരുതാന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് വ്യാജവാര്‍ത്തയെക്കുറിച്ചുള്ള ഒരു വീഡിയോ. സ്വന്തം മരണവാര്‍ത്തയെക്കുറിച്ച് വിളിച്ച് അന്വേഷിക്കുന്ന ഒരാള്‍ക്ക് മറുപടി കൊടുക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… അത്തരം ഒരു അവസ്ഥ വിശദികരിക്കുകയാണ് വീഡിയോയിലൂടെ മലയാളികളുടെ പ്രിയതാരം മാമുക്കോയ.

Read more: “ആ പാട്ട് കേട്ട് ഞാന്‍ അറിയാതെ എണീറ്റിരുന്നു…”; കുരുന്ന് ഗായികയുടെ അതിഗംഭീര ആലാപനത്തെ പ്രശംസിച്ച് ജി വേണുഗോപാല്‍

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാജവാര്‍ത്തയ്ക്ക് എതിരെയുള്ള ക്യംപെയിന്റെ ഭാഗമായാണ് ഈ വീഡിയോ. സ്വന്തം മരണവാര്‍ത്തയ്ക്ക് മറുപടി നല്‍കേണ്ടിവരുന്ന അവസ്ഥ അഭിനയത്തിലൂടെ വ്യക്തമാക്കുകയാണ് മാമുക്കോയ.

വ്യാജവാര്‍ത്തകള്‍ക്കെതിരെ കരുതല്‍ ഉണ്ടാകണമെന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ വീഡിയോ. കുറച്ചുപേര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന വ്യാജ്യവാര്‍ത്തകള്‍ കുറേപ്പേര്‍ വിശ്വസിക്കാന്‍ തയാറാവുന്നതാണ് ഇത്തരം വാര്‍ത്തകളുടെ പ്രചരണത്തിന് കാരണം എന്നും താരം വ്യക്തമാക്കുന്നു. കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് മുന്നിലേയ്ക്ക് എത്തുന്ന വ്യാജ വാര്‍ത്തകള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കി വേണം ഓരോ വാര്‍ത്തയും പങ്കുവയ്ക്കാന്‍.

Story Highlights: Anti fake news Kerala division misinformation campaign