സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വൃക്കദാനങ്ങള്‍

July 1, 2019

എന്തിനും ഏതിനും വ്യാജന്‍മാരുള്ള കാലമാണ് ഇത്. എന്തെങ്കിലും ഒന്ന് കണ്ടാല്‍ ഒര്‍ജിനലാണോ ഫെയ്ക്ക് ആണോ എന്ന് രണ്ടുവട്ടം ചിന്തിക്കേണ്ട കാലം. വ്യാജ വാര്‍ത്തകളും പലപ്പോഴും നമ്മെ തേടിയെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം വ്യാജ വാര്‍ത്തകളില്‍ അധികവും പ്രചരിപ്പിക്കപ്പെടുന്നത്. പലപ്പോഴും വാര്‍ത്തകളുടെ സത്യാവസ്ഥ തിരിച്ചറിയാതെ നാം മറ്റുള്ളവരിലേക്കും അവ പങ്കുവയ്ക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അവയവദാനത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുണ്ട്. ‘പ്രിയപ്പെട്ട എല്ലാവര്‍ക്കും. പ്രധാനം, 4 വൃക്കകള്‍ ലഭ്യമാണ്. ഇന്നലെ അപകടത്തില്‍പ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സേവന സഹപ്രവര്‍ത്തകരുടെ) മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍ പ്രഖ്യാപിച്ചു. സുധീര്‍ ബി പോസിറ്റീവും ഭാര്യ ഒ പോസിറ്റീവും ആണ്. അവന്റെ കുടുംബം മനുഷ്യരാശിക്കായി അവരുടെ വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.9837285283 എന്ന നമ്പറില്‍ ബന്ധപ്പെടുക’

ദിവസങ്ങളായി വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. നിരവധി പേരാണ് ഈ സന്ദേശം പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ സന്ദേശത്തെക്കുറിച്ച് അറിയേണ്ട ഒന്നുണ്ട്. ഇതൊരു വ്യാജ സന്ദേശമാണ്. 2017 മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം പ്രചരിച്ച ഈ വ്യാജ വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നത് മലയാളത്തില്‍ ആണെന്ന വിത്യാസം മാത്രം. ദേശീയ മാധ്യമങ്ങള്‍ ഈ സന്ദേശത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സന്ദേശത്തോടൊപ്പമുള്ള നമ്പര്‍ മീററ്റിലെ ഒരു നെഫ്രോളജിസിറ്റിന്റേതാണെന്നും കണ്ടെത്തിയിരുന്നു.

പലപ്പോഴും നമ്മെതേടിയെത്തുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷെ നാമും കബളിപ്പിക്കപ്പെട്ടേക്കാം. വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം നമ്മെ തേടിയെത്തുന്ന സന്ദേശങ്ങളുടെ സത്യവാസഥ പൂര്‍ണ്ണമായും ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാവൂ.