‘സ്വാതന്ത്ര്യം  അർദ്ധരാത്രിയിൽ’ ടീം വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ

June 18, 2019

സ്വാതന്ത്ര്യം  അർദ്ധരാത്രിയിൽ ടീം വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രം ഉടൻ. ആന്റണി വർഗീസ് ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ കഥ എഴുതുന്നത് നടൻ കിച്ചു ടെല്ലാസാണ്. തിരക്കഥ എഴുതാൻ കിച്ചുവിനൊപ്പം നടൻ വിനീത് വിശ്വവുമുണ്ടെന്നാണ് സൂചന. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ‘ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. ആക്ഷൻ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമായിരുന്നു സ്വാതന്ത്ര്യം  അർദ്ധരാത്രിയിൽ. പ്രശസ്ത സംവിധായൻ ബി ഉണ്ണികൃഷ്‍ണൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ദിലീപ് കുര്യനാണ്. സൂര്യ സിനിമാസിന്റെ ബാനറിൽ ബി സി ജോഷിയാണ് ചിത്രം നിർമിച്ചത്. സംവിധായകനായ ലിജോ ജോസ് പല്ലിശേരി, നടൻ ചെമ്പൻ വിനോദ്, എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളായിരുന്നു.

Read also: പാർവതി സംവിധായികയാകുന്നു; നായകൻ ആസിഫ് അലി

ഫിനാൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവിന്റെ വേഷത്തിലാണ് ആന്റണി ചിത്രത്തിൽ വേഷമിട്ടത്. അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പെയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായി ആന്റണി എത്തിയ ചിത്രം കൂടിയായിരുന്നു സ്വാതന്ത്ര്യം  അർദ്ധരാത്രിയിൽ. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.