സൂക്ഷിക്കണം, വ്യാജ മരുന്നുകള്‍ സോഷ്യല്‍ മീഡിയയിലും സജീവം
മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വ്യാജ മരുന്നകള്‍ പിടിച്ചെടുക്കുന്നത് പലപ്പോഴും വാര്‍ത്തകളിലൂടെ നാം അറിയാറുണ്ട്. എന്നാല്‍ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലുമുണ്ട് ഇത്തരം വ്യാജ മരുന്ന് കച്ചവ്വടം. സൂക്ഷിച്ചില്ലെങ്കില്‍ നാം പലപ്പോഴും ഇത്തരം വ്യാജ മരുന്നു കച്ചവടത്തിന്റെ ഇരയായേക്കാം.
വ്യാജ ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികളും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടാറുണ്ടെന്നതാണ് വാസ്തവം. മാരകരോഗങ്ങള്‍ക്ക് പോലും വ്യാജ പ്രതിവിധികളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലപ്പോഴും ഇത്തരം മരുന്നുകളെക്കുറിച്ച് അന്വേഷിക്കാതെ പലരും അവ വാങ്ങുന്നു. വ്യാജ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കുന്ന ഏജെന്റുമാരും ഇന്ന് നിരവധിയാണ്.
മുടി വളരാന്‍, മുഖക്കുരു മാറാന്‍ , സൗന്ദര്യം വര്‍ധിക്കാന്‍ എന്നു തുടങ്ങി കാന്‍സറിനു വരെ പരിഹാരം എന്ന തരത്തില്‍ നിരവധി മരുന്നു കൂട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടാറ്. എന്നാല്‍ ഇത്തരത്തില്‍ പരിചയപ്പെടുത്തുന്ന പല മരുന്നും വ്യാജമാണെന്നതാണ് പലരും തിരിച്ചറിയാതെ പോവുന്ന സത്യം. ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയുമെല്ലാം ഇത്തരം വ്യാജ മരുന്നുകളുടെ പ്രചരണം നടക്കുന്നു.
Read more:ഫെയ്സ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
പലപ്പോഴും വിശ്വസനീയമാകുന്ന തരത്തിലാണ് ഇത്തരം വ്യാജ മരുന്നുകളെക്കുറിച്ചുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ പലരും അസുഖം വരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട വ്യാജ നുറുങ്ങു വിദ്യകള്‍ പരീക്ഷിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും രോഗ തീവ്രത വര്‍ധിക്കാന്‍ തന്നെ കാരണമായേക്കാം.
അതുകൊണ്ടുതന്നെ ഇത്തരം വ്യാജ മരുന്നുകളുടെ പ്രചരണത്തില്‍ പങ്കാളിയാകാതിരിക്കാന്‍ നാം കരുതിയിരിക്കണം. സഹായം എന്നു കരുതി നാം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ദോഷകരമായേക്കാം. പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് കരുതുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അതുപോലെതന്നെ ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ വൈദ്യ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്. സ്വയം ചികിത്സ പരമാവധി ഒഴിവാക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.