ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി
ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നൽകി ഹൈക്കോടതി. IDSFFKയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ആനന്ദ് പട് വര്‍ദ്ധന്റെ റീസൺ എന്ന ഡോക്യുമെന്ററിക്ക് ഹൈക്കോടതി അനുവാദം നല്‍കിയത്. ഇതോടെ ഇന്ന് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ വിവേക്( റീസണ്‍) എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലും ‘റീസണ്‍’ ഉള്‍പ്പെടുത്തും. തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ വിഷയമാകുന്ന ചിത്രമാണ് റീസണ്‍ എന്നാണ് സൂചന.
അതേസമയം ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോൾ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2017-ല്‍ ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്നതിനും അനുമതി ലഭിച്ചിരുന്നില്ല.
262 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തുക. കംബോഡിയൻ കൂട്ടക്കൊലയുടെ ഭയം തുറന്നുകാണിക്കുന്ന ഗ്രേവ്സ് വിത്ത് ഔട്ട് എ നേം, വംശവെറിയിൽ പത്ത് വയസ്സുകാരൻ മകൻ കൊലപ്പെട്ടതിന് പിന്നാലെ ബ്രിട്ടൻ വിടുന്ന നൈജീരിയൻ കുടുംബത്തിന്റെ കഥ പറയുന്ന ബ്ലാക്ക് ഷീപ്പ്, ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ കാണാതായവരെ കുറിച്ച് പറയുന്ന ഇറേസ് ആസെന്റ് ഓഫ് ഇൻവിസിബിൾ തുടങ്ങിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുക.
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ മത്സരരംഗത്തുമുണ്ട്.. ഇത്തവണത്തെ മേളയില്‍ മലയാള ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തില്‍ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തില്‍ 74 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. പേസ് ടു ഫേസ്, ഇന്‍കോണ്‍വര്‍സേഷന്‍ സെക്ഷന്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.