രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

June 21, 2019

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വംശീയ പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുക. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളാ ഗവര്‍ണര്‍ പി സാദാശിവം മേള ഉദ്ഘാടനം ചെയ്യും. അഗസ്റ്റിനോ ഫെറെന്‍റയുടെ ‘സെല്‍ഫി’ ആണ് ഉദ്ഘാടന ചിത്രം. രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്‍ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് സെൽഫി.

262 ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തുക. കംബോഡിയൻ കൂട്ടക്കൊലയുടെ ഭയം തുറന്നുകാണിക്കുന്ന ഗ്രേവ്സ് വിത്ത് ഔട്ട് എ നേം, വംശവെറിയിൽ പത്ത് വയസ്സുകാരൻ മകൻ കൊലപ്പെട്ടതിന് പിന്നാലെ ബ്രിട്ടൻ വിടുന്ന നൈജീരിയൻ കുടുംബത്തിന്റെ കഥ പറയുന്ന ബ്ലാക്ക് ഷീപ്പ്, ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ കാണാതായവരെ കുറിച്ച്  പറയുന്ന ഇറേസ് ആസെന്റ് ഓഫ് ഇൻവിസിബിൾ തുടങ്ങിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുക.

Read also: ‘സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്റെ ചിത്രം’; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിനെക്കുറിച്ച് ടൊവീനോ

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.  ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ മത്സരരംഗത്തുമുണ്ട്.. ഇത്തവണത്തെ മേളയില്‍ മലയാള ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തില്‍ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തില്‍ 74 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. പേസ് ടു ഫേസ്, ഇന്‍കോണ്‍വര്‍സേഷന്‍ സെക്ഷന്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.