പ്രണയാര്‍ദ്രമായി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലെ പാട്ട്; വീഡിയോ

June 28, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ പാട്ടു പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍ എന്ന സിനിമയ്ക്കു വേണ്ടി പി ജയചന്ദ്രന്‍ ആലപിച്ച ഒരു ഗാനം. മനോഹരമായൊരു പ്രണയഗാനമാണ് ഇത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

‘നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍.

Read more:30 സെക്കന്‍റില്‍ അതിതീവ്രമായൊരു കഥ; സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

പി ജയചന്ദ്രനു പുറമെ, ശ്രേയ ഘോഷാല്‍ യേശുദാസ്, എം ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, പി ജയചന്ദ്രന്‍ എന്നിവരും ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചിത്രത്തില്‍ ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ടും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘സുരാംഗന സുമവദനാ…’എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.

അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.