ആപ് അപ്ഡേറ്റ് ലിങ്കുകള്‍ തുറക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍
വാട്സ്ആപ്പും ഫെയ്സ്ബുക്കുമെല്ലാം നിത്യേന ഉയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെയും. വാട്സ്ആപ്പിലൂടെ പലപ്പോഴും നമുക്ക് മുമ്പിലേക്കെത്തുന്ന സന്ദേശങ്ങള്‍ പലതും നാം മറ്റുള്ളവരിലേക്കും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ നിത്യേന നിരവധി വ്യാജ സന്ദേശങ്ങളും നമ്മുടെ ഫോണിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു സത്യം. സന്ദേശങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാതെ നാം പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരിലേക്കും പങ്കുവയ്ക്കുന്നു.
നമ്മുടെ ഫോണിലേയ്ക്കെത്തുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയേണ്ടതുണ്ട്. കണ്ണില്‍കാണുന്ന ഏത് ലിങ്കും ചാടിക്കേറി ഓപ്പണ്‍ ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ വ്യാജ സന്ദേശങ്ങളെ പ്രത്യേകം കരുതിയിരിക്കണം. കാരണം ഇത്തരം സന്ദേശങ്ങളായി ചിലപ്പോള്‍ നമ്മുടെ ഫോണിലേക്കg വരുന്നത് അപകടകാരികളായ വൈറസുകളായിരിക്കാം.
വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജുകളുടെ കൂട്ടത്തില്‍ അധികമായി കാണപ്പെടുന്ന ഒന്നാണ് ആപ് അപ്ഡേറ്റ് ലിങ്കുകള്‍. ഇത്തരം സന്ദേശങ്ങളില്‍ അധികവും ഫെയ്ക്കാണ്. ആപ് അപ്ഡേറ്റ് ചെയ്യുക എന്ന പേരില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ ചിലപ്പോള്‍ വൈറസ് ആയിരിക്കും നമ്മുടെ ഫോണില്‍ പ്രവേശിക്കുക. എല്ലാ ലിങ്കുകളും അപകടകാരികളല്ലെങ്കിലും ഇത്തരം ഫെയ്ക്ക് ലിങ്കുകളെ നാം കരുതിയിരിക്കണം. വൈറസ് ഇല്ലെങ്കില്‍ കൂടിയും ചിലപ്പോള്‍ അശ്ലീല വെബ്സൈറ്റുകളിലേക്കായിരിക്കും ഇത്തരം ലിങ്കുകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുക. അത്തരം സെറ്റുകളുടെ അറ്റാച്ചുമെന്റുകള്‍ പലപ്പോഴും നമ്മുടെ ഫോണില്‍ ഓട്ടോ ഡൗണ്‍ലോഡ് ആവുകയും ചെയ്യുന്നു.
മറ്റുചിലപ്പോള്‍ നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു എന്ന തലക്കെട്ടോടെയായിരിക്കും ഇത്തരം ഫെയ്ക് സന്ദേശങ്ങള്‍ നമ്മെ തേടിയെത്തുക. എന്നാല്‍ ഇത്തരം ലിങ്കുകളില്‍ അധികവും ഫെയ്ക്ക് ആണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാവണം. അതുപോലെതന്നെ ആപ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും മാത്രം ആപ് അപഡേറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതുമാണ് ഉചിതം. സോഷ്യല്‍ മീഡിയ വഴി വരുന്ന ലിങ്കുകളില്‍ നിന്നും അപ്ഡേറ്റുകള് ഡൗണ്ലോഡാക്കാതിരിക്കുന്നതാണ് നല്ലത്.