‘ഡിയർ കോമ്രേഡ്’ ഒരുങ്ങുന്നു; ശ്രദ്ധേയമായി പുതിയ ഗാനവും

June 25, 2019

കുറഞ്ഞ സിനിമകളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടവനായി മാറിയത്. വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡി’ലെ ഗാനങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ‘മധുപോലെ പെയ്ത മഴയെ’ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും പറയുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്.

ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് ഡിയർ കോമ്രേഡ്. ഇരുവരും ഒന്നിച്ച  ഗീതാ ഗോവിന്ദം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു.

നാല് ഭാഷകളിലായി ചിത്രീകരിക്കപ്പെടുന്ന ചിത്രത്തിലെ മലയാളം വേർഷനിൽ ഗായകനായി ദുൽഖർ സൽമാൻ എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. താരത്തിനൊപ്പം ഗായികയായി രമ്യ നമ്പീശനും എത്തുന്നതായാണ് സൂചന. അതേസമയം ഇതിനെക്കുറിച്ച് ദുൽഖർ വ്യഥകമാക്കിയിട്ടില്ല.

Read also: ‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്

ചിത്രത്തിൽ മലയാളി നടി ശ്രുതി രാമചന്ദ്രനും  ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുജിത്ത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ  ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മൈത്രി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാലു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

ഉടൻ തിയേറ്ററുകളിൽ എത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.