കണ് മുന്നിലുള്ളവരെ കാണാണ്ടാക്കുന്ന വ്യാജ മിസ്സിങ് വാര്‍ത്തകള്‍
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലുമെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് വ്യാജ മിസിങ് വാര്‍ത്തകള്‍. അതായത് ‘ഈ ചിത്രത്തില്‍ കാണുന്ന കുട്ടിയ കാണ്മാനില്ല, ദയവായി ഷെയര്‍ ചെയ്യൂ, സഹായിക്കു’ എന്നെക്കെ പറഞ്ഞ്. എന്നാല്‍ ദിവസവും നമ്മെ തേടിയെത്തുന്ന ഇത്തരം മിസ്സിങ് വാര്‍ത്തകളില്‍ ഏറിയ പങ്കും വ്യാജമാണെന്നതാണ് വാസ്തവം.
ചിലപ്പോള്‍ നമുക്ക് പരിചിതമായ ചിലരെ കുറിച്ചായിരിക്കാം കാണ്മാനില്ല എന്ന തരത്തില്‍ തെറ്റായ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാറ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. രാവിലെ എഴുന്നേറ്റ് ഫോണ്‍ തുറന്നപ്പോള്‍ വാട്സ്ആപ്പില്‍ ഒരു സന്ദേശം. ഈ ചിത്രത്തില്‍ കാണുന്ന യുവാവിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണ്മാനില്ല. ദയവായി കണ്ടു കിട്ടുന്നവര്‍ ഈ ഫോണ്‍ നമ്പറില്‍ അറിയിക്കുക… എന്നൊക്കെ. എന്നാല്‍ ആശ്ചര്യപ്പെടുത്തിയത് എന്താണെന്നുവെച്ചാല്‍ ആ യുവാവിനെ എനിക്കറിയാം. എന്റെ നാട്ടുകാരന്. സന്ദേശത്തോടൊപ്പം ലഭിച്ച നമ്പറില്‍ വിളിച്ചു നോക്കിയപ്പോള്‍ കിട്ടയ മറുപടി ആയിരുന്നു ഏറെ വിചിത്രം. പിറന്നാള്‍ ആയതുകൊണ്ട് അവനിട്ട് ഒരു പണി കൊടുത്തതാണത്രേ… എത്ര വിചിത്രമായ ആചാരം… ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ പലപ്പോഴും വ്യാജ മിസ്സിങ് വാര്‍ത്തകള്‍ നമുക്ക് മുന്നിലേക്കെത്തുന്നു.
Read more:ഫെയ്സ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
ഇത്തരം വാര്‍ത്തകള്‍ നമുക്ക് ലഭിക്കുമ്പോള്‍ നാമും പലപ്പോഴും വാര്‍ത്തയുടെ സത്യാവസ്തയോ ഉറവിടമോ അന്വേഷിക്കാതെയാണ് മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുന്നതും. അതേസമയം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തില്‍ ദുരൂപയോഗിക്കപ്പെടാന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം മിസ്സിങ് വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആദ്യം മനസിലാക്കണം. വാര്‍ത്തയ്ക്ക് ഒപ്പം കോണ്ടാക്ട് നമ്പര്‍ നല്കിയിട്ടുണ്ടെങ്കില് ആ നമ്പറിലേക്ക് വിളിച്ച് വാര്‍ത്തെയെക്കുറിച്ച് അന്വേഷിക്കണം ആദ്യം. കോണ്ടാക്ട് നമ്പര്‍ പോലും നല്‍കാതെ പ്രത്യക്ഷപ്പെടുന്ന മിസ്സിങ് വാര്‍ത്തകളില്‍ അധികവും വ്യാജമാകാനാണ് സാധ്യത. കണ് മുന്നിലുള്ളവരെ പോലും കാണ്മാനില്ലാതെയാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.