”രമണന്‍ കാ പ്രേമ് കഷ്ട് ഹേ…”; ചിരിപ്പിച്ച് ബേസില്‍; വീഡിയോ

June 20, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട സ്‌നീക് പീക്. ബേസില്‍ ജോസഫാണ് ഈ സ്‌നീക് പീക് വീഡിയോയിലെ താരം. ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയാണ് ഈ വീഡിയോയുടെ പശ്ചാത്തലം. ബേസില്‍ ജോസഫിന്റെ രസകരമായ ആലാപനമാണ് സ്‌നീക് പീക് വീഡിയോയിലെ മുഖ്യ ആകര്‍ഷണം. പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നുണ്ട് ഈ വീഡിയോ. ഒപ്പം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.

അതേസമയം കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഈ മാസം 28 ന് കക്ഷി അമ്മിണിപിള്ള തീയറ്ററുകളിലെത്തും.

Read more:14 മിനിറ്റ് രംഗം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി ബിഗ്ബി; കൈയടിച്ച് ആരാധകരും

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനങ്ങളും പുറത്തെത്തിയിരുന്നു. ഈ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയരുന്നു.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന ‘ഉയരെ’ എന്ന ചിത്രം. നവാഗതനായ മനു ആശോകനാണ് ഉയരെ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ആസിഫ് അലിക്കൊപ്പം പാര്‍വ്വതിയും ടൊവിനോയും ഉയരെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.