മനോഹരം ഈ ‘കണ്ണാനകണ്ണേ…’; വീഡിയോ

June 24, 2019

താരാട്ടുപാട്ടുകളോട് എക്കാലത്തും ആസ്വാദകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലാണ്. ഇമ്പമാര്‍ന്ന താരാട്ട് ഈണങ്ങള്‍ കേള്‍വിക്കാരന്റെ ഹൃദയത്തിലേയ്ക്ക് പെയ്തിറങ്ങുന്നു. അടുത്ത കാലത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്ത ഒരു താരാട്ട് പാട്ടാണ് ‘കണ്ണാനകണ്ണേ…’ എന്നു തുടങ്ങുന്ന ഗാനം. ഭാഷാഭേദമന്യേ നിരവധി പേരാണ് ഈ പാട്ടിനെ ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ ഗാനത്തിന് ഒരുക്കിയിരിക്കുന്ന ഒരു കവര്‍ വേര്‍ഷനാണ് പാട്ടു പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

തീര്‍ത്തും വയലിനിലാണ് ഈ കവര്‍ സോങ് ഒരുക്കിയിരിക്കുന്നത്. ഈ വയലിന്‍ സംഗീതവും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിഷ്ണു എസ് നായരാണ് വയലിനില്‍ ഈ മനോഹര ഗാനത്തിന് കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ടിജോ തങ്കച്ചനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റൈബിന്‍ റജിയാണ് കീബോര്‍ഡ്‌. അതേസമയം ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഏറെ മികച്ചു നില്‍ക്കുന്നു.

അജിത് കേന്ദ്ര കഥാപാത്രമായെത്തിയ ‘വിശ്വാസം’ എന്ന സിനിമയിലേതാണ് ഈ ഗാനം. ആരാധകരുടെ വിശ്വാസത്തിനു വിള്ളല്‍ ഏല്‍പിക്കാതെ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തിയത്.

Read more:സംവിധാനം ഒപ്പം അഭിനയം; ‘ലൂസിഫറി’ലെ പൃഥ്വിരാജിന്റെ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ: വീഡിയോ

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുപോലെതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വിശ്വാസത്തിനും ലഭിച്ചത്.