വേദന തളർത്തിയില്ല; സിവിൽ സർവീസ് പരീക്ഷ എഴുതി ലത്തിഷ

June 4, 2019

ശാരീരിക പരിമിതികളെ എഴുതിത്തോൽപ്പിച്ച് ലത്തീഷ അൻസാരി. ഇടുക്കി എരുമേലി സ്വദേശി ലത്തീഷ തിരുവനന്തപുരം എൽ ബി എസ് കോളേജിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ എത്തിയത് കൂടെ ഒരു ഓക്സിജൻ സിലിണ്ടറുമായാണ്. ജന്മനാ തന്നെ ബ്രിട്ടിൽ ബോൺ ഡിസോർഡർ എന്ന രോഗത്തിന് അടിമയാണ് ലത്തീഷ എന്ന 26 വയസുകാരി പെൺകുട്ടി.

കഴിഞ്ഞ ഒന്നര വർഷത്തോളമായി സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ് ലത്തീഷ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ലത്തീഷ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ഈ പരീക്ഷയിൽ മികച്ച വിജയം ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഈ മിടുക്കിയ്ക്കുണ്ട്. തന്നെപോലെ ഭിന്ന ശേഷിക്കാരായ കുട്ടികൾ ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണിത് താൻ ഇതു ചെയ്യുന്നതോടെ അവർക്കെല്ലാം ഇതൊരു പ്രചോദനമാകുമെന്നും ലത്തീഷ പറഞ്ഞു. തന്നെപോലെ ബുദ്ധിമുട്ട് നേരിടുന്നവർക്ക് യു പി എസ് സി കുറച്ചുകൂടി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ലത്തീഷ പറയുന്നുണ്ട്.

Read also: തൊട്ടപ്പനെ ഏറ്റെടുത്ത് ആരാധകരും; ശ്രദ്ധേയമായി ട്രെയ്‌ലർ

ജന്മനാ തന്നെ എല്ലുപൊടിയുന്ന രോഗത്തിന് അടിമയായിരുന്നിട്ടും തന്റെ പരിമിതികളോട് പൊരുതി ജയിച്ച വ്യക്തിയാണ് ലത്തീഷ എന്ന പെൺകുട്ടി. ഒരു മാസം 25,000 രൂപയോളമാണ് ലത്തീഷയുടെ ചികിത്സയ്ക്കായി ചിലവാക്കേണ്ടിവരുന്നത്. ചിലപ്പോഴൊക്കെ സഹിക്കാൻ കഴിയാത്ത വേദനയാണ് ലത്തീഷയ്ക്ക് അനുഭവിക്കേണ്ടി വരാറുള്ളത്. എന്നിട്ടും തന്റെ പരിമിതികളിൽ തളരാൻ തയാറായിരുന്നില്ല ഈ പെൺകുട്ടി. ചക്രകസേരയിൽ തന്റെ ജീവിതം തള്ളിനീക്കാൻ തയാറാവാതിരുന്ന ലത്തീഷ തന്നെ കണ്ടെത്തിയ മാർഗമായിരുന്നു സിവിൽ സർവീസ്. എം കോം ഉയർന്ന മാർക്കോടെ പാസായ ലത്തീഷ എരുമേലി കോർപ്പറേറ്റ് ബാങ്കിലെ ജീവനക്കാരിയാണ്. അതേസമയം കീ ബോർഡ് വായനയിലൂടെ നിരവധി വേദികളെ സംഗീത സാന്ദ്രമാക്കാറുണ്ട് ഈ പെൺകുട്ടി.