ആലാപനത്തില്‍ അതിശയിപ്പിച്ച് സിദ് ശ്രീറാമും ശ്രേയ ഘോഷാലും; ‘എന്‍ജികെ’യിലെ പുതിയ ഗാനം

June 19, 2019

ആലാപന മാധുര്യത്തിന്റെ കാര്യത്തില്‍ സിദ് ശ്രീറാമും ശ്രേയ ഘോഷാലും ഏറെ മുന്നിലാണ്. ഇരുവര്‍ക്കും ആരാധകരുമുണ്ട് ഏറെ. പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളാക്കിയ ഈ ഗായകര്‍ ഒരുമിച്ചെത്തുന്ന ഒരു ഗാനമാണ് ഇപ്പോള്‍ പാട്ടു പ്രേമികല്‍ക്കിടയില്‍ സ്വീകാര്യത നേടുന്നത്. എന്‍ജികെ എന്ന ചിത്രത്തിലാണ് സിദ് ശ്രീറാമും ശ്രേയ ഘോഷാലും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘അന്‍പേ പേരന്‍പേ…’ എന്ന ഗാനമാണ് മികച്ച സ്വീകാര്യതയോടെ മുന്നേറുന്നത്.

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന മഹാനടന്‍. സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് എന്‍ജികെ. സായി പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതവും പാട്ടിന്റെ മാറ്റ് കൂട്ടുന്നു.

Read more:പെണ്ണ് അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ശ്രദ്ധേയമായി ഈ പാട്ട്‌

ചിത്രത്തില്‍ നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചതും. ഒരു പൊളിറ്റിക്കല്‍ ഡ്രാമ സ്‌റ്റൈലിലാണ് എന്‍ജികെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതും. പല്ലവിക്ക് പുറമെ രാകുല്‍ പ്രീതും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ്, വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അതേസമയം സൂര്യ സായി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എന്‍ ജി കെ. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു.