സോഷ്യല്‍ മീഡിയയിലെ ബിസിനസ് വ്യാജന്മാരെ സൂക്ഷിക്കുക
എവിടെ തിരിഞ്ഞാലും എന്തിനും ഏതിനും വ്യാജന്മാരെ കണ്ടെത്താനാകും ഇക്കാലത്ത്. സോഷ്യല്‍ മീഡിയയിലും വിലസുന്നുണ്ട് നിരവധി വ്യാജന്മാര്‍. സോഷ്യല്‍ മീഡിയ വഴി ഇന്ന് നിരവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും. ഇത്തരത്തില്‍ ഒന്നാണ് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് വഴിയൊക്കെ നടത്തപ്പെടാറുള്ള ഓണ്‍ലൈന്‍ ബിസിനസുകള്‍.
നിരവധി പേരാണ് ഇന്ന് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ബിസിനസുകള്‍ നടത്തുന്നത്. അധികം സ്റ്റാഫുകള്‍ വേണ്ട, കൂടുതല്‍ വിപണന സാധ്യത തുടങ്ങി ഇത്തരം ബിസിനസുകള്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. അതേസമയം സോഷ്യല്‍ മീഡിയ വഴി നടത്തപ്പെടുന്ന ബിസിനസുകള്‍ ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ നിരവധി വ്യാജന്മരും വിലസുന്നുണ്ട്. പലപ്പോഴും നാം ഇത്തരക്കാരുടെ ചതിയില്‍ പെടുന്നു.
പലപ്പോഴും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് വില്‍പന. മെസേജ് അയച്ചോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ കയറിയോ ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ പലപ്പോഴും ഇത്തരം സൈറ്റുകള്‍ വ്യാജന്മാരുടേതായിരിക്കും. സാധനം ഓര്‍ഡര്‍ ചെയ്ത് പണ അടച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു വിവരവും ഉണ്ടാകില്ല. നമുക്ക് പണം നഷ്ടമാവുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേട്ടുകേള്‍വി പോലും ഇല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ പരമാവധി തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. അപരിചിതമായ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.