തിയേറ്റർ വിട്ടിറങ്ങിയാലും കൂടെക്കൂടും ഈ തൊട്ടപ്പനും മകളും; റിവ്യൂ വായിക്കാം..  

June 6, 2019

അവകാശവാദങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ വന്ന് പ്രേക്ഷക ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുകയാണ് ഈ ‘തൊട്ടപ്പൻ’. ‘കമ്മട്ടിപ്പാട’ത്തിലെ ഗംഗയെയും ‘ഇ മ യൗ’ വിലെ അയ്യപ്പനെയുമൊക്കെ ഇരു കൈകളും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകർക്ക് ഈദ് സമ്മാനവുമായി എത്തുകയാണ് തൊട്ടപ്പനിലൂടെ വിനായകൻ. വിനായകനെപോലെ അഭിനയമികവുകൊണ്ട് സമ്പന്നരാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. ‘കിസ്മത്ത്’ എന്ന ചിത്രത്തിന് ശേഷം തൊട്ടപ്പനിലൂടെ പ്രേക്ഷക ഹൃദയം തൊട്ടറിഞ്ഞിരിക്കുകയാണ് ഷാനവാസ് കെ ബാവക്കുട്ടി എന്ന സംവിധായകൻ.

ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതിയിലൂടെ അപൂർവ്വമായൊരു ബന്ധുത്വം സൃഷ്ടിക്കപെട്ട ഫ്രാൻസീസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന നോവലിനെ സിനിമാരൂപത്തിലേക്ക് പി എസ് റഫീക്ക് മൊഴിമാറ്റിയപ്പോള്‍ കഥയില്‍ ചില വിട്ടുകളയലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. മോഷണം തൊഴിലായി സ്വീകരിച്ച  ഇത്താകിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഏത് പൂട്ടും കുത്തിത്തുറക്കാനും കക്കാനും നിക്കാനുമടക്കം തന്റെ തൊഴിലില്‍ എപ്പോഴും ഒപ്പമുണ്ടാവാറുള്ള ആത്മസുഹൃത്ത് ജോണപ്പനെ (ദിലീഷ് പോത്തന്‍) കാണാതാവുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

ഊണിലും ഉറക്കത്തിലും കൂടെക്കാണാറുള്ള ജോണപ്പനെ കാണാതാവുന്നതോടെ  അയാളുടെ കുടുംബത്തിന്റെ സംരക്ഷകനാവുകയാണ് ഇത്താക്ക്. ജോണപ്പന്റെ ഒരേയൊരു മകൾ സാറയുടെ മാമ്മോദീസയ്ക്ക് തലതൊട്ടപ്പനാകാൻ ജോണപ്പൻ കണ്ടെത്തിയതും ഇത്താക്കിനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ജീവിതാവസാനം വരെ അവളുടെ തൊട്ടപ്പനായി മാറുകയാണ് ഇത്താക്ക്. അപ്പന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സാറയും, ഉറ്റസുഹൃത്തിനെ മരിക്കുന്നതിന് മുൻപ് കാണാൻ കഴിയുമെന്നെ വിശ്വാസത്തിൽ ജീവിക്കുന്ന ഇത്താക്കുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ‘അപ്പൻ തിരിച്ചുവന്നാൽ പോലും ഇനിയിപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തൊട്ടപ്പൻ തന്നെ ആയിരിക്കുമെന്ന്’ സാറ പറയുന്നതിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാകുന്നുണ്ട്.

പുതുമുഖനടി പ്രിയംവദയാണ് സാറയായി വെള്ളിത്തിരയിൽ അവിസ്മരണനീയ പ്രകടനം കാഴ്‌ചവെച്ചത്. സാറയുടെ കാമുകനായി എത്തിയ റോഷൻ മാത്യുവിന്റെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെയാണ്. പള്ളീലച്ചനായി വേഷമിട്ട മനോജ് കെ ജയനും ലാലും മഞ്ജു സുനിച്ചനും ബിനോയ് നമ്പാലയും ഡാവിഞ്ചിയുമടക്കം ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും കഥയ്ക്ക് ജീവൻ പകർന്നു. ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റൊരു നടൻ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. ‘അദ്രുമാന്‍’ എന്ന അന്ധനായ പലചരക്ക് കടക്കാരനായി ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. കാഴ്ചയില്ലായ്മയെ മറികടക്കാന്‍ കേള്‍വിയും ഗന്ധവും സസൂക്ഷ്മമം ഉപയോഗിക്കുന്ന മധ്യവയസ്‌കനായി എത്തിയ അദ്ദേഹം ഒരു തുടക്കക്കാരന്റെ യാതൊരു പാളിച്ചകളുമില്ലാതെയാണ് വെള്ളിത്തിരയിൽ തിളങ്ങിയത്.

സിനിമയ്ക്കപ്പുറവും ജീവിതമെന്ന തോന്നിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ ഓരോ ഷോട്ടുകളും. ആദ്യാവസാനം വരെ ഒരു തുരുത്തിനെ ചുറ്റുപറ്റി നടക്കുന്ന കഥാപശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ ഭംഗിയും ജീവനും അതേപടി പകർത്തിയെടുക്കാൻ സുരേഷ് രാജന് അദ്ദേഹത്തിന്റെ ക്യാമറകണ്ണുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ സാന്നിധ്യവും ചിത്രത്തിന്റെ മൂഡിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടിറങ്ങിയാലും ചിത്രത്തിലെ ചില ഗാനങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തിൽ മുഴങ്ങികേട്ടുകൊണ്ടേയിരിക്കും.

മറ്റ് സംവിധായകരിൽ നിന്നും ഷാനവാസ് കെ  ബാവക്കുട്ടിയെ മാറ്റിനിർത്തുന്നത് അദ്ദേഹത്തിന്റെ അവതരണത്തിലെ പുതുമ  തന്നെയാണ്. അഭിനേതാക്കളുടെ മുഖത്ത് നിന്നും വായിച്ചെടുക്കുന്ന വികാരങ്ങളെ കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കുന്നതിന് പകരമായി ചിലപ്പോഴെങ്കിലും ആസ്വാദകന് തുറന്ന് ചിന്തിക്കാനും  വികാരങ്ങളെ നിയന്തിക്കാനും വരെയുള്ള സ്വന്തന്ത്യം ചിത്രത്തിലൂടെ സംവിധായകനും അണിയറ പ്രവർത്തകരും നൽകുന്നുണ്ട് എന്നത് ഏറെ പ്രശംസനീയം.

അനു ജോർജ്