ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ പാട്ടിന്റെ വസന്തം തീര്‍ക്കുന്ന ‘ആവണി’ പാട്ടുകാരി

June 16, 2019

താരും തളിരും പൂചൂടിയ ഒരു ആവണിക്കാലം പോലെയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ വെള്ളാരംകണ്ണുള്ള സുന്ദരിക്കുട്ടി, ആവണി. ആവണിയുടെ പാട്ടുകള്‍ പ്രേക്ഷകര്‍ എന്നും നെഞ്ചിലേറ്റുന്നു. അത്രമേല്‍ സുന്ദരവും മനോഹരവുമാണ് ഈ കുട്ടിപ്പാട്ടുകാരിയുടെ ആലാപനം.

മഞ്ഞണിഞ്ഞ മാമലകളുടെ നാടായ ഇടുക്കിയുടെ താഴ്‌വാരത്തുനിന്നും ഫ്ളവേഴ്‌സ് ടോപ് സിംഗറിലെത്തിയതാണ് ഈ മിടുക്കി. മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആവണി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. തൊടുപുഴ ജയറാണി ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആവണി. പാട്ടിനൊപ്പം നൃത്തത്തെയും ഈ കുട്ടിത്താരം ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ക്കുന്നു.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.