ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്ക് 20 ലക്ഷം രൂപയുടെ മുന്‍കരുതലുമായി ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍

June 15, 2019

കുറഞ്ഞ കാലയളവുകൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. മനോഹരമായ ആലാപനമികവുകൊണ്ട് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകരെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. ഇപ്പോഴിതാ ലോക ടെലിവിഷന്‍ ചാനലുകള്‍ക്കുതന്നെ മാതൃകയാകുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ട് ഫ്ളവേഴ്‌സ് പുതിയൊരു ചരിത്രം കുറിക്കുന്നു.

ഫ്ളവേഴ്‌സ്  ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഫ്ളവേഴ്‌സ് ടിവി കുറിക്കുന്നത് തങ്കലിപികളാല്‍ രചിക്കപ്പെട്ട പുതിയൊരു ചരിത്രം.

ജൂണ്‍ 16-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ഫ്ളവേഴ്‌സ് ടിവിയില്‍ തത്സമയം കാണാം. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫ്ളവേഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫ്ളവേഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന 16-ാം തീയതി രാവിലെ 9 മണി മുതല്‍ പതിമൂന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ടോപ് സിംഗറില്‍ വിവിധ കലാപരിപാടികളും തത്സമയം അവതരിപ്പിക്കും. കാത്തിരിക്കാം. ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി…!