ഗോകുല്‍ സുരേഷ് നായകനായി ‘ഉള്‍ട്ട’; ഫസ്റ്റ് ലുക്ക്
കുറഞ്ഞ കാലയളവുകൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉള്‍ട്ട’. പേരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ‘ഉള്‍ട്ട’ എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേശ് പിശാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു മറിമായം, തെസ്നി ഖാന്, ആര്യ, സുരഭി എന്നിവരും ഉള്‍ട്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്കുന്ന ചിത്രമാണ് ഉള്‍ട്ട ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്. സുരേഷ് പൊതുവാള് തന്നെയാണ് ഉള്‍ട്ടയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
“ഏവർക്കും സന്തോഷവും അനുഗ്രഹവും സ്നേഹവും നിറഞ്ഞ ഈദ് ആശംസിക്കുന്നു! ഈ പുണ്യ വേളയിൽ എന്റെ അടുത്ത ചിത്രം ഉൾട്ട-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നു!
ഏവരുടെയും പ്രാർത്ഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നു.” എന്ന കുറിപ്പും ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ഗോകുല്‍ സുരേഷ് പങ്കുവച്ചു.
അതേസമയം സായാഹ്ന വാര്‍ത്തകള്‍ എന്ന ഒരു ചിത്രവും ഗോകുല്‍ സുരേഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗോകുല്‍ സുരേഷിനൊപ്പം ധ്യാന്‍ ശ്രീനിവാസനും സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അരുണ്‍ ചന്ദുവാണ് സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അജു വര്‍ഗീസും സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്.