പുതുമയുള്ള വാർത്തകളുമായി ഗോകുൽ സുരേഷിന്റെ ‘സായാഹ്ന വാർത്തകൾ’ പ്രദർശനത്തിനെത്തി

August 5, 2022

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗോകുൽ സുരേഷിന്റെ ‘സായാഹ്ന വാർത്തകൾ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾ കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. താരത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം 2019 ൽ റിലീസിന് എത്തേണ്ടതായിരുന്നു.

ഇപ്പോൾ റിലീസിന് മുൻപ് ഗോകുൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഒരുപാട് തടസ്സങ്ങളും വെല്ലുവിളികളും തരണം ചെയ്‌താണ്‌ ഈ ചിത്രം ഇപ്പോൾ പ്രദർശനത്തിനെത്തിക്കുന്നതെന്നും ശാരീരികമായും മാനസികമായും നിരവധി ക്ലേശങ്ങൾ ഈ സമയത്ത് താൻ വ്യക്തിപരമായി അനുഭവിച്ചുവെന്നും ഗോകുൽ പറയുന്നു.

“വളരെയേറെ കാലമായി പോസ്റ്റിടാൻ കാത്തിരുന്ന ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. നാളെ ഞാൻ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്. പ്രതികൂല സാഹചര്യങ്ങളാൽ ഷൂട്ടിൽ സംഭവിച്ച തടസങ്ങൾ, റിലീസിലെ അനിശ്ചിതത്വം എന്നിവയാണ് റിലീസിംഗ് ഇത്രയധികം വൈകിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നിലെ തടസ്സങ്ങളും വെല്ലുവിളികളും മറികടന്ന് ഞങ്ങൾ ഒടുവിൽ ഇത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചിട്ടും ഞങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല. വ്യക്തിപരമായി വളരെയധികം ക്ലേശങ്ങൾ മാനസികമായും ശാരീരികമായും ഞാൻ ഈ കാലയളവിൽ അനുഭവിക്കേണ്ടി വന്നു. ഇനിയെനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളോട് ഈ ഓഗസ്റ്റ് 5ന് ചിത്രം പുറത്തിറങ്ങുമ്പോൾ കാണുക എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എല്ലാറ്റിനുമുപരി പിന്തുണയും കൂടെയുണ്ടാകുമെന്ന് കരുതുന്നു.” ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.

Read More: ’25 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ ഇത് ആദ്യ അനുഭവം; ആശംസകൾ നേരൂ സുഹൃത്തുക്കളെ..’- കുഞ്ചാക്കോ ബോബൻ

അരുൺ ചന്തു സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്റ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

Story Highlights: Gokul suresh facebook post about sayahna varthakal release