അതിശയിപ്പിക്കുന്ന മേയ്ക്ക്ഓവറില്‍ വിജയ് സേതുപതി; ‘ലാബ’ത്തിലെ കാരക്ടര്‍ ഇങ്ങനെ

June 27, 2019

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള കഥാപാത്രമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഈ ഇഷ്ടംകൊണ്ടുതന്നെ. വിജയ് സേതുപതി വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളും നിരവധിയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വിജയ് സേതുപതിയുടെ തികച്ചും വിത്യസ്തമായൊരു ലുക്ക്. താരത്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ അന്തരം പുലര്‍ത്തുന്നുണ്ട് പുതിയ മേയ്ക്ക് ഓവര്‍

വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാബം’. എസ് പി ജനനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലാബത്തിലെ വിജയ് സേതുപതിയുടെ കാരക്ടര്‍ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കാണ് താരത്തിന്റെതേ. ഒറ്റ നോട്ടത്തില്‍ വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം.

‘ലാബം’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി രണ്ട് വേഷത്തില്‍ എത്തുന്നുണ്ട്. പാക്കിരി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീതിക്ക് വേണ്ടി പോരാടുന്ന കര്‍ഷക നേതാവിന്റെ കഥയാണ് ലാബം എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ശ്രുതി ഹാസന്‍ ശ്രീ രഞ്ജിനി എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. 2020ല്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.Read more:ട്വിറ്ററില്‍ അക്കൗണ്ടില്ല; ആവശ്യമുള്ളപ്പോള്‍ സൂര്യയുടെ ട്വിറ്റര്‍ നോക്കും’ ജ്യോതിക

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം. ‘മാര്‍ക്കോണി മത്തായി’ എന്നാണ് ചിത്രത്തിന്റെ പേര്. മാര്‍ക്കോണി മത്തായി ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം മികച്ച സ്വീകാര്യത നേടുന്നുണ്ട്.

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്.

അതേസമയം പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു.