“ഞാൻ ഞാനായിരിക്കുന്നതിൽ സന്തോഷിക്കുന്നു”; ബോഡി ഷെയിമിങ്ങ് നേരിട്ടതിനെ കുറിച്ച് വിജയ് സേതുപതി!

January 10, 2024

സിനിമാ ലോകത്ത് യാതൊരു മുൻപരിചയവും പറയത്തക്ക പാരമ്പര്യവും ഇല്ലാതെ സ്വന്തം സ്ഥാനം നേടിയെടുത്ത കലാകാരനാണ് വിജയ് സേതുപതി. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ നായകനായും വില്ലനായും വേഷമിട്ടത് മുതൽ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജവാനിലെ പ്രതിനായക വേഷം വരെ എത്തി നിൽക്കുന്ന വലിയൊരു യാത്ര സേതുപതിക്ക് പറയാനുണ്ട്. എന്നാൽ യാത്രയിലെ എല്ലാ വഴികളും സന്തോഷകരമല്ലെന്നു മാത്രം. (Vijay Sethupathi opens up about facing body shaming)

റിലീസിനൊരുങ്ങുന്ന തന്റെ ചിത്രമായ മെറി ക്രിസ്‌മസിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി അഭിനയ ജീവിതത്തിലെ അത്ര സന്തോഷകരമല്ലാത്ത അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ ഇങ്ങനെ തന്നെയായിരുന്നെന്നതും വല്ലാതെ ബോഡി ഷെയിമിങ്ങ് നേരിട്ടിട്ടുണ്ടെന്നും സേതുപതി പറയുന്നു. തമിഴിലും മറ്റ് സിനിമ ഇന്റസ്ട്രികളിലും ഇത് സംഭവിച്ചിട്ടുണ്ട്.

വിജയ്‌യുടെ വാക്കുകളിങ്ങനെ:

“എനിക്ക് എന്റെ വസ്ത്രങ്ങളെക്കുറിച്ച് ബോധമുണ്ട്. കാരണം എനിക്ക് സൗകര്യപ്രദമായത് ധരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ലിപ്പറുകള്‍ ധരിക്കാന്‍ ഇഷ്ടമാണ്. ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ നന്നായി വസ്ത്രം ധരിച്ചത് കാണുമ്പോള്‍ ഞാന്‍ ശരിക്കും ബോധവാനാകും. അതുകൊണ്ട് പൊതുവെ ഒത്തുചേരലുകൾക്കും മീറ്റിംഗുകൾക്കും പോകുന്നത് ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു.

ആദ്യമായി ഞാന്‍ മുംബൈയിലെത്തിയപ്പോള്‍ കുറച്ചാളുകള്‍ക്ക് മാത്രമെ എന്നെ അറിയുമായിരുന്നുള്ളൂ. ഇപ്പോൾ ഒരുപാട് ആളുകൾക്ക് എന്നെ അറിയാം. അവർ സിനിമകളെക്കുറിച്ചും എന്റെ വേഷങ്ങളെക്കുറിച്ചും എന്നോട് സംസാരിക്കാൻ വരുന്നു. അത് എനിക്ക് വളരെ സന്തോഷം നൽകുന്നു.”

Read also: ‘മലയാളിയുടെ ഹൃദയം കവർന്ന ആടുജീവിതം’; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രഭാസ്!

ഇതൊക്കെ സംഭവിച്ചു എങ്കിലും നിങ്ങൾ ആരായിരിക്കുന്നോ അയാളായി ആളുകൾ അംഗീകരിക്കുന്നതാണ് ഏറ്റവും മികച്ച കാര്യം എന്ന് അദ്ദേഹം പറയുന്നു. ഇന്ന് എവിടെ പോയാലും ആളുകൾ തന്നെ അംഗീകരിക്കുന്നത് ഒരു അനുഗ്രഹമാണെന്നും താനായിരിക്കുന്ന നിലയിൽ സന്തോഷവാനാണെന്നും സേതുപതി പറയുന്നുണ്ട്. പ്രേക്ഷകരുടെ ആഴമുള്ള സ്നേഹത്തെ എടുത്തു പറയുകയും താൻ ഇതൊന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും സേതുപതി കൂട്ടിച്ചേർത്തു.

Story highlights: Vijay Sethupathi opens up about facing body shaming