ദേ ഇതാണ് വൈറസില്‍ പാര്‍വ്വതി പകര്‍ന്നാടിയ ഡോക്ടര്‍ കഥാപാത്രം

June 10, 2019

ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് നിപാ കാലത്തെ ഓര്‍മ്മിക്കാനാവില്ല. നിപായില്‍ മരണം കവര്‍ന്നവരെയും. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച വൈറസ് എന്ന ചിത്രം. നിപാ വൈറസിനെ പ്രമേയെമാക്കിയുള്ള ചിത്രമാണ് ഇത്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഭയത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന വൈറസ് തീയറ്റരുകളില്‍ പ്രേക്ഷകന്റെ ഉണ്ണുലയ്ക്കുന്നു, ഭയം നിറയ്ക്കുന്നു, ഓടുവില്‍ ആശ്വസിപ്പിക്കുന്നു.

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’.

Read more:“ഇനി ഒരുപാട് നേരം നോക്കിയാല്‍ ഞാന്‍ ആരാണെന്ന് അറിയും”; ‘ഇഷ്‌കി’ലെ രംഗം

വൈറസ് എന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് പാര്‍വ്വതി അവതരിപ്പിച്ച ഡോ. അന്നു. ഈ കഥാപാത്രം നിപാ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണമാണ് പലപ്പോഴും നിര്‍ണായക തെളിവായി മാറിയത്. അതേസമയം കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ത്ഥിനിയായ ഡോ. നീതു പൊന്നു തമ്പിയാണ് പാര്‍വ്വതി വെള്ളിത്തിരയിലെത്തിച്ച ഡോ. അന്നു എന്ന കഥാപാത്രത്തിന് നിമിത്തമായത്. നിപയില്‍ നിന്നുള്ള അതിജീവനത്തിനായി ഒരു ‘സിഐഡി’യെ പോലെ പ്രയ്തിനിച്ച ഡോ. നീതുവിനെക്കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിപ അതിജീവനത്തിന്റെ കഥ പറയുന്ന ‘വൈറസ്’ മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ എന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാൽ ഒരു റീത്ത് വെക്കാൻ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല .
പാർവതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിൻ MD വിദ്യാർത്ഥിനിയായ എന്റെ ഭാര്യ ഡോക്ടർ സീതു പൊന്നു തമ്പിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സിനി മയുടെ അണിയറ പ്രവർത്തകർ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാർവതി, മുഹ്സിൻ പരാരി എന്നിവർ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതിയെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്..
അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാർത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളി ൽ പാർവതി സ്വാംശീകരിച്ചു…താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താനുള്ള പാർവതിയുടെ ആത്മാർപ്പണം തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിർത്തുന്നത്..ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാർത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂർണതയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാർ സ്നേഹപൂർവ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവർ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോൾ ഭർത്താവെന്ന നിലയിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും … ഉള്ളതു പറഞ്ഞാൽ തെല്ലൊരഹങ്കാരവും ഇല്ലാതില്ല.. നിപയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപർക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികൾക്കും നന്ദി പറയാതിരിക്കാനാകില്ല.ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളിൽ പങ്കെടുക്കാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീൻ, ഡോ.ഗോപകുമാർ സാർ, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ..
പാർവതിയുടെ ഭർത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ ഇഖ്റ ആശുപത്രിയിൽ കാഷ്വാൽറ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്..
നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ഞങ്ങളെയും കൂടെ ചേർത്ത ആഷിക് അബു,റിമ, മുഹ്സിൻ, പാർവതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.