‘പതിനെട്ടാം പടി’യിലെ കലിപ്പൻ ഗിരി ആരാണെന്നറിയാമോ..?

July 9, 2019

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ‘പതിനെട്ടാം പടി’. പതിനേഴ് വയസ് കഴിഞ്ഞ് പതിനെട്ടാം വയസിലേക്ക് കടക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മോഡല്‍ സ്‍കൂളിലെ 12 അംഗ ഗ്യാങിലെ പ്രധാനി ഗിരി അഥവാ കലിപ്പൻ ഗിരി. ചിത്രത്തിന്റെ  സുപ്രധാന രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‍ചവെച്ച് കൈയ്യടിവാങ്ങിയ ഈ ചെറുപ്പക്കാരന്റെ പേര് ജിതിൻ പുത്തഞ്ചേരിയെന്നാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ.

ജിതിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിക്കുന്ന ജിതിന്റെ അഭിനയത്തിലെ താത്പര്യമാണ് പതിനെട്ടാം പടിയിലെ  ഗിരിയിൽ എത്തിനിൽക്കുന്നത്. തിരുവനന്തപുരത്ത് പുതുമുഖങ്ങൾക്കായി നടത്തിയ ആക്ടിങ് ക്യാമ്പിലൂടെയാണ് ജിതിൽ പതിനെട്ടാം പടിയുടെ ഭാഗമായി മാറിയത്. മൃത്യുഞ്ജയം എന്ന ഹ്രസ്വ ചിത്രത്തിലും താരം പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ‘എടക്കാട് ബറ്റാലിയൻ’, ‘പ്രണയമീനുകളുടെ കടൽ’, ‘കുഞ്ഞാലിമരയ്ക്കാർ’ എന്നീ ചിത്രങ്ങളിലും ജിതിൻ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

Read also: സൗബിനും സുരാജും ഒന്നിക്കുന്നു; ‘വികൃതി’യെ പരിചയപ്പെടുത്തി ഫഹദ്

പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിൽ ജോൺ എബ്രഹാം പാലയ്ക്കലായി മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ എന്തുചയ്യണമെന്നറിയാതെ നിൽക്കുന്ന കുട്ടികളുടെ മുന്നിലേക്ക് എത്തുന്ന രക്ഷകനാണ് ജോൺ എബ്രഹാം പാലയ്ക്കൽ.

തിരുവനന്തപുരം നഗരത്തിലെ രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിൽ കാലാകാലങ്ങളായി വളർന്നുവരുന്ന പകയുടെയും ദേഷ്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ഇന്റർനാഷ്ണൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സമ്പദ്രായിക വിദ്യാഭ്യാസ രീതിയിലെ ചില കൊള്ളരുതായ്മകളും പൊള്ളത്തരങ്ങളും തുറന്ന് കാണിക്കാനുള്ള ശ്രമവും ചിത്രം നടത്തിയിട്ടുണ്ട്. സമകാലീക വിദ്യാഭ്യാസ രീതികളോടും  പരീക്ഷാ സമ്പ്രദായത്തോടുമുള്ള എതിർപ്പും ചിത്രത്തിൽ തുറന്നുകാണിക്കുന്നുണ്ട്.