അബ്ദുൾ കലാമിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് പിന്നിലെ സത്യമിതാണ്…

July 1, 2019

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഈ അമ്മയുടെയും മകന്റെയും.. മുൻനിര ദേശീയ മാധ്യമത്തിലടക്കം വന്ന ചിത്രം ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചെറുപ്പകാലത്തെ ചിത്രമെന്ന പേരിലും മറ്റു ചിലർ അതിനെ അബ്ദുൽ കലാമിന്റെ ചെറുപ്പകാലത്തെ ചിത്രമെന്ന പേരിലും പ്രചരിപ്പിച്ചു. ഇത് നിരവധി ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു.

അതേസമയം ചിത്രത്തിൽ കാണുന്നത് അബ്ദുൽ കലാമിന്റെ ചിത്രമല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. കലാമിന്റെ ആ പ്രായത്തിലുള്ള ചിത്രങ്ങൾ തങ്ങളുടെ കൈവശമില്ലെന്നും, അദ്ദേഹത്തിന്റെ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യാറില്ലായിരുന്നുവെന്നും പ്രചരിപ്പിക്കപ്പെടുന്നത് മറ്റാരുടെയോ ചിത്രമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. എന്നാൽ ഈ ചിത്രം നരേന്ദ്ര മേദിയുടെ ചെറുപ്പകാലത്തേതല്ലായെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

Read also: ‘ഒറ്റ പ്രസവത്തിൽ 17 കുട്ടികൾ’; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

അതേസമയം ഇത്തരത്തിൽ നിരവധി വ്യാജ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വ്യാജ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ലാത്ത കാലമാണിത്. ഫേക്ക് ന്യൂസുകൾ പങ്കുവയ്ക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ  നിരവധി വെബ്‌സൈറ്റുകൾ പോലുമിന്ന് സുലഭമാണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ ആരോ ഷെയർ ചെയ്ത ഒരു വ്യാജ വാർത്തയാണ് ഈ ചിത്രവും.

കാലം കുറച്ചേറെയായി ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമൊക്കെ സത്യസന്ധമാണോയെന്ന് വിലയിരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്.