അമിതാഭ് ബച്ചൻ ചുമന്നത് വീട്ടുജോലിക്കാരന്റെ ശവമഞ്ചമല്ല; സത്യം ഇതാണ്
തനിക്കു വേണ്ടി 40 വർഷം ജോലി ചെയ്ത ആളുടെ ശവമഞ്ചം ചുമക്കുന്ന ബോളിവുഡിലെ സൂപ്പർതാരം അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തന്റെ വീട്ടുജോലിക്കാരന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങളടക്കമുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായത്. ഇതോടെ അദ്ദേഹത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു.
എന്നാൽ ഈ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം മറ്റൊന്നാണ്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചുവന്ന ശവമഞ്ചം വീട്ടുജോലിക്കാരന്റേതല്ല, നാൽപ്പത് വർഷത്തോളം അമിതാഭ് ബച്ചന്റെ സെക്രട്ടറിയും മാനേജറുമായിരുന്ന ശീതൾ ജെയ്ൻ എന്ന ആളുടെ മരണാന്തര ചടങ്ങിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. ജൂൺ 25ന് വന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ജൂൺ 24ന് ആണ് വീട്ടുജോലിക്കാരൻ മരിച്ചതെന്നാണ് പ്രചരിച്ചത്. എന്നാൽ ശീതൾ ജെയ്നെ അനുസ്മരിച്ച് അമിതാഭ് ബച്ചൻ ജൂൺ 9-ന് എഴുതിയ ബ്ലോഗിൽ ഇപ്പോൾ പ്രചരിച്ച ചിത്രവും പങ്കുവെച്ചിരുന്നു.
ഇതോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ അറിഞ്ഞത്. എന്നാൽ ദേശീയ മാധ്യമങ്ങൾ അടക്കം നിരവധി മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിപ്പിയ്ക്കപ്പെട്ടിരുന്നു. വാർത്ത പൂർണമായും വ്യാജമല്ലായെങ്കിലും വാർത്തയിലെ ചെറിയ ശ്രദ്ധക്കുറവ് മൂലം പ്രചരിപ്പിക്കപ്പെട്ടത് സത്യമല്ലാത്ത ഒരു വാർത്തയാണ്. അതുകൊണ്ടുതന്നെ നമുക്ക് മുന്നില് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വാര്ത്തകളും വീഡിയോകളുമൊക്കെ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Read also: അബ്ദുൾ കലാമിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് പിന്നിലെ സത്യമിതാണ്…
ഇത്തരത്തിൽ നിരവധി വ്യാജ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വ്യാജ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ലാത്ത കാലമാണിത്. ഫേക്ക് ന്യൂസുകൾ പങ്കുവയ്ക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ നിരവധി വെബ്സൈറ്റുകൾ പോലുമിന്ന് സുലഭമാണ്.