റൊണാൾഡോയ്ക്കും മെസിക്കും കൈകൊടുക്കുന്ന ബിഗ്ബി; അമിതാഭ് ബച്ചൻ പങ്കുവെച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ

January 20, 2023

ലോകം മുഴുവൻ ഇന്നലെ റിയാദിലേക്ക് ചുരുങ്ങുകയായിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം ഏറ്റുമുട്ടിയ സൗഹൃദ മത്സരം ആവേശപ്പോരാട്ടമായി മാറി. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി, നെയ്‌മർ, എംബാപ്പെ, റാമോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജി റൊണാൾഡോ നയിച്ച റിയാദ് സീസൺ ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ റിയാദ് നേടിയ നാല് ഗോളുകൾക്കെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് പിഎസ്‌ജി ജയിച്ചത്.

മത്സരവുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനായിരുന്നു മത്സരത്തിലെ മുഖ്യാതിഥി. മെസി, റൊണാൾഡോ, എംബാപ്പെ, നെയ്‌മർ അടക്കമുള്ള താരങ്ങൾക്ക് ബിഗ്ബി കൈ കൊടുക്കുന്നതിന്റെ വിഡിയോ താരം തന്നെ ട്വീറ്റ് ചെയ്‌തിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. “അവിശ്വസനീയം” എന്ന് കുറിച്ച് കൊണ്ടാണ് ബച്ചൻ വിഡിയോ പങ്കുവെച്ചത്.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

അതേ സമയം ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന മത്സരം കൂടിയായിരുന്നു പിഎസ്‌ജിയും റിയാദ് സീസൺ ഇലവനും തമ്മിൽ ഏറ്റുമുട്ടിയ സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

Story Highlights: Amithabh bachchan shares video with messi and ronaldo