നൂറ്റാണ്ടിന്റെ ക്ലബ്, യൂറോപ്യൻ ഫുട്‌ബോളിലെ അധിപൻമാർ; റയൽ മാഡ്രിഡിന്റെ 122 വർഷങ്ങൾ..!

March 6, 2024

122 വര്‍ഷങ്ങള്‍.. 35 ലാലീഗ കിരീടങ്ങള്‍.. 14 ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍.. 20 കോപ്പ ഡെല്‍ റെ കിരീടങ്ങള്‍.. ക്ലബ് ലോകകപ്പുകളും യൂറോപ്പ ലീഗ് നേട്ടങ്ങളും അങ്ങനെ ക്ലബ് ഫുട്‌ബോളില്‍ നേടാവുന്നതെല്ലാം സ്വന്തമാക്കിയ ഒരു ടീം. അതിലുപരി എല്ലാ നേട്ടങ്ങള്‍ക്കുമുള്ള ഒറ്റ സര്‍ട്ടിഫിക്കറ്റായി 2000-ല്‍ ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുടെ അംഗീകാരവും അവരെ തേടിയെത്തി- ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്’. അതെ പറഞ്ഞുവരുന്നത് ലോകഫുട്‌ബോള്‍ ചരിത്രത്തിലെ ഐതിഹാസിക ക്ലബായ റയല്‍ മാഡ്രിഡിനെക്കുറിച്ച് തന്നെയാണ്. ക്ലബ് ഫുട്‌ബോളിലെ രാജാക്കന്‍മാരായ റയല്‍ മാഡ്രിഡ്. കളിക്കളത്തിലെ മികവുകൊണ്ടും പണക്കിലുക്കം ക്ലബ് ഫുട്‌ബോളിന്റെ സിംഹാസനം അലങ്കരിക്കാന്‍ ഏറ്റവും ഉചിതമായവര്‍… ( Real Madrid celebrates 122 years of existence )

ലോക ഫുട്‌ബോളില്‍ വളര്‍ന്നു വരുന്ന ഏതൊരു താരവും ഒരിക്കലെങ്കിലും റയല്‍ മാഡ്രിഡിന്റെ തൂവെള്ള ജഴ്‌സിയണിഞ്ഞു കാണാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ലോകഫുട്‌ബോളില്‍ ഏറ്റവും സമ്പന്നമായ ചരിത്രമുള്ള ക്ലബുകളില്‍ ഒന്നാണ് ലോസ് ബ്ലാങ്കോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഡ്രിഡുകാര്‍. പ്രശസ്തമായ കേംബ്രിഡ്ജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകളില്‍ നിന്നു പഠനം കഴിഞ്ഞെത്തിയ ഒരു കൂട്ടം യുവാക്കളാണ് ഇന്ന് കാണുന്ന മാഡ്രിഡ് എന്ന ക്ലബിന് തുടക്കമിടുന്നത്. 1902 മാര്‍ച്ച് ആറിന് ഔദ്യോഗികമായി തുടക്കിട്ട ഈ ടീം ആദ്യ കാലങ്ങളില്‍ മഡ്രിഡ് ഫുട്‌ബോള്‍ ക്ലബ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ക്ലബ് രൂപീകരിച്ച് ഇന്നേക്ക് 122 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏതൊരു ടീമിനും എത്തിപ്പിടിക്കാനാവുന്നതിനും ഉയരത്തിലാണ് റയല്‍ മാഡ്രിഡിന്റെ സ്ഥാനം.

ഫുട്‌ബോളിലെന്ന പോലെ രാഷ്ട്രീയത്തിലും മുന്‍പന്തിയിലായിരുന്ന മാഡ്രിഡിന്റെ സ്ഥാനം. സ്‌പെയിനിലെ അധികാര വര്‍ഗത്തിന്റെ പിന്തുണയിലായിരുന്നു റയല്‍ മാഡ്രിഡ് എന്ന ക്ലബിന്റെ വളര്‍ച്ച. വിമതശബ്ദമുയര്‍ത്തുന്ന മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ക്ലബുകളെ മാനസികമായി അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ മാര്‍ഗങ്ങളിലൊന്നായും റയല്‍ മഡ്രിഡ് മാറി. 1950 കാലഘട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോയുടെ വരവാണ് റയലിന്റെ തലവര മാറ്റിക്കുറിക്കുന്നത്. 1956 മുതല്‍ 1960 വരെ തുടര്‍ച്ചയായ അഞ്ചു യൂറോപ്യന്‍ കിരീടങ്ങള്‍ നേടിക്കൊണ്ടാണ് റയല്‍ വരാനിരിക്കുന്ന സര്‍വാധിപത്യത്തിന്റെ സൂചനകള്‍ നല്‍കിയത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ദശാബ്ദമായിട്ടാണ് ഈ കാലഘട്ടത്തെ വിലയിരുത്തുന്നത്. സാന്തിയാഗോ ബെര്‍ണബ്യൂ യെസ്റ്റെ എന്ന ക്ലബ് പ്രസിഡന്റിന്റെ മികച്ച നേതൃത്വം കൂടിയായതോടെ റയല്‍ മാഡ്രിഡ് യൂറോപ്പിലെ ഒന്നാം നമ്പര്‍ ക്ലബായി മാറി.

1966-ല്‍ ആറ് യൂറോപ്യന്‍ കിരീടം നേടിയ റയലിന് അടുത്ത കിരീടത്തിനായി പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ 1998ലാണ് ജപ്പ് ഹെയ്ന്‍ക്‌സിന്റെ പരിശീലനത്തില്‍ യുവന്റസിനെ തോല്‍പിച്ച് റയല്‍ യൂറോപ്യന്‍ കപ്പിലെ കിരീടവരള്‍ അവസാനിപ്പിച്ചത്. രണ്ടായിരത്തില്‍ വലന്‍സിയയെ തോല്‍പിച്ച് കിരീടവിജയം ആവര്‍ത്തിച്ചു. പിന്നീട് റയല്‍ മാഡ്രിഡ് പ്രസിഡന്റായി എത്തിയ ഫ്‌ലോറന്റീനോ പെരസ് വമ്പന്‍ തുകയ്ക്ക് താരങ്ങളെ ടീമിലെത്തിക്കുന്ന ഗാലക്റ്റികോസ് എന്ന രീതിയ്ക്ക് തുടക്കമിട്ടു. ചിരവൈരികളായ ബാഴ്‌സലോണയില്‍ നിന്നും പോര്‍ച്ചുഗീസ് താരമായ ലൂയിസ് ഫിഗോയെ ബെര്‍ണബ്യൂവിലെത്തിച്ച പെരസ്, പിന്നീട് അന്ന് ലോകഫുട്‌ബോളില്‍ നിറഞ്ഞുനിന്നിരുന്ന സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, മൈക്കല്‍ ഓവന്‍ എന്നിവരും റെക്കോഡ് തുകയില്‍ എത്തിച്ചു. എന്നാല്‍ ഈ പേരുകേട്ട ഗാലക്റ്റികോസ് റയലിന്റെ ജനപ്രീതി ഉയര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച വിജയങ്ങള്‍ നേടിക്കൊടുത്തോ എന്നത് സംശയകരമാണ്. 2002-ല്‍ ബയേര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തി സ്വന്തമാക്കിയ ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് എടുത്തുപറയാനുള്ളത്.

പിന്നീട് പെരസിന്റെ രണ്ടാം വരവിലാണ് റയല്‍ വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നത്. റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോര്‍ച്ചുഗീസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് ഗരെത് ബെയ്ലിനെയും എത്തിച്ച പെരസിന്റെ തീരുമാനം ഫലംകണ്ടു. ബ്രസീലിയന്‍ താരം റൊണാള്‍ഡോ നസാരിയോക്ക് ശേഷം മറ്റൊരു റൊണാള്‍ഡോ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തില്‍ അത്ഭുതം സൃഷ്ടിക്കുന്നതിനാണ് ലോകഫുട്‌ബോള്‍ സാക്ഷിയായത്. കൈവിട്ടെന്ന് തോന്നിയ പല മത്സരങ്ങളും റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തിരിച്ചുപിടിച്ചു. പിന്നീട് 2014-ല്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി 10-ാം ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍, യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് വീണ്ടും കാഹളം മുഴക്കി. പിന്നീട് സിനദിന്‍ സിദാന് കീഴില്‍ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരിടം കൂടെ നേടി.

Read Also : ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

എന്നും എതിരാളികളെ വേട്ടയാടിപ്പിടിക്കുന്ന സിംഹങ്ങളായിരുന്നു റയല്‍ മാഡ്രിഡ്. എതിരാളികളെ തെല്ലും ഭയക്കാതെ മനോഹര ഫുട്‌ബോള്‍ കാഴ്ച്ചവെച്ച ആ വെള്ളക്കുപ്പായക്കാര്‍ ഇന്നും ജൈത്രയാത്ര തുടരുകയാണ്.

Story highlights: Real Madrid celebrates 122 years of existence