‘ബ്ലാക്ക് കോഫി’യുമായി ബാബുരാജ്; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

July 12, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ചിത്രത്തിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്നു ബ്ലാക്ക് കോഫി എന്ന സിനിമയുമായി. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. ബാബുരാജിനൊപ്പം നാല് നായികമാരെയും പോസ്റ്ററില്‍ കാണാം.

ആഷിഖ് അബു ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്‌ലാറ്റില്‍ പാചകക്കാരനായെത്തുന്നു. തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം ബ്ലാക്ക് കോഫിയുടെ ചിത്രീകരണം ആരംഭിച്ചു.

Read more:ബ്ലാക്ക് കോഫിയുമായി ബാബുരാജ്; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു സാ്ള്‍ട്ട് ആന്‍ഡ് പെപ്പര്‍. 2011ലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. 2011 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, കല്പന, ബാബുരാജ്, വിജയരാഘവന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.