‘ആവശ്യമില്ലാത്തിടത്ത് ആവേശം കാണിക്കുന്ന പക്വതയില്ലാത്ത അപകടകാരി’; ‘കല്‍ക്കി’യിലെ പുതിയ കഥാപാത്രം ഇതാ

July 27, 2019

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കല്‍ക്കി’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഓഗസ്റ്റ് 8 ന് കല്‍ക്കി തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം ചിത്രത്തിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിനി വിശ്വലാല്‍ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. Vini Viswalal as Appu: വരുന്ന പാര്‍ലിമെന്റ് ഇലക്ഷനില്‍ dypയുടെ നഞ്ചങ്കോട്ടയിലെ സ്ഥാനാര്‍ഥി. ചേട്ടനായ അമര്‍നാഥിന്റെ താളത്തിനൊത്തു തുള്ളുന്ന, ആവശ്യമില്ലാത്തിടത് ആവേശം കാണിക്കുന്ന, പക്വതയില്ലാത്ത അപകടകാരി. എന്ന ക്യാപ്ഷനോടുകൂടിയാണ് അപ്പു എന്ന കാരക്ടറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Read more:‘പ്രണയത്തിനല്ല കണ്ണില്ലാത്തത്, പ്രണയിക്കാത്തവര്‍ക്കാണ്’: ശ്രദ്ധേയമായി ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ട്രെയ്‌ലര്‍

കല്‍ക്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മേയ്ക്ക്ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വലിയ മീശയുള്ള ഒരാളായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കിയുടെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. കട്ട കലിപ്പ് ലുക്കിലുള്ള ടൊവിനോയുടെ കാരക്ടര്‍ പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നു.

നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. ശിവജിത്ത് പത്മനാഭനാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത്.

ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്, വിനാശത്തിന്റെ മുന്നോടിയായെത്തുന്ന ആളാണ് പുരാണത്തിലെ കല്‍ക്കി എന്ന അവതാരം. ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന് കല്‍ക്കിയെന്ന അവതാരവുമായി സമാനതകളുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.