വമ്പൻ റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’

July 29, 2019

ആമേൻ’, ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ഓരോ സിനിമയിലും വ്യത്യസ്ഥത പരീക്ഷിക്കുന്ന സംവിധായകന്റെ പുതിയ ചിത്രമാണ് ‘ജെല്ലിക്കെട്ട്’. വിനായകനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതുമുതൽ ആരാധകരുടെ ആകാംഷ വാനോളമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മിഡിൽ ഈസ്റ്റിലെ വിതരണാവകാശം വലിയ തുകയ്ക്ക്  ഏറ്റെടുത്തിരിക്കുകയാണ് ഫാഴ്സ് ഫിലിംസ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസും, ചെമ്പൻ വിനോദും വിനായകനോടൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൈറേഞ്ചിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. വളരെ സാഹസീകമായാണ് ഹൈറേഞ്ചിൽ ചിത്രം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവത്തകർ അറിയിച്ചു.

Read also: ‘നഷ്‌ടപ്പെട്ട കരുത്ത് പല്ലവിയിലൂടെ തിരിച്ചുകിട്ടി’; ‘ഉയരെ’യുടെ നൂറാം ദിനം ആഘോഷിച്ച് താരങ്ങൾ

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജെല്ലിക്കെട്ട് നിർമ്മിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ മ യൗ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനായകൻ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.