ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മിതാലിയായി തപ്‌സി

July 3, 2019

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മിതാലിയാകാൻ ഒരുങ്ങി തപ്‍സി പന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍). 34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്.

അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പുസ്തക വായനയില്‍ മുഴുകിയ മിതാലിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read also: അപ്രതീക്ഷിത തീരുമാനം; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

അശ്വിൻ ശരവണൻ സംവിധാനം ചെയ്‍ത ഗെയിം ഓവറാണ് തപ്‍സി നായികയായി എത്തിയ അവസാന ചിത്രം. ചിത്രത്തിൽ സ്വപ്ന എന്ന ഗെയിം ഡിസൈനറായാണ് തപ്‌സി എത്തുന്നത്. ഒരു അപകടത്തിൽ പെട്ട് വീട്ടിൽ കഴിയേണ്ടി വരുന്ന സ്വപ്നയ്ക്കുണ്ടാകുന്ന ഭയവും നാട്ടിൽ നടക്കുന്ന തുടര്‍കുറ്റകൃത്യങ്ങളിൽ ഉടലെടുക്കുന്ന ആശങ്കകളും മറ്റുമൊക്കെ ചേര്‍ത്തുള്ള ത്രില്ലര്‍ ചിത്രമാണിത് ഗെയിം ഓവർ.

ഹിന്ദിയിലും തമിഴിലും റിലീസിനെത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനുരാഗ് കശ്യപിന്റെ വൈ നോട്ട്   സ്റ്റുഡിയോസും റിലയൻസ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മാല പാർവതിയും എത്തുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം മിതാലിയുടെ ജീവിതവുമായി തപ്‌സി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.