ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മുരളിധരനായി വിജയ് സേതുപതി

July 27, 2019

ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ഇഷ്ടതാരമാണ് ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ  മുരളീധരൻ. മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ.  മുരളീധരനായി വേഷമിടുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് 800 എന്ന് പേരുവന്നിരിക്കുന്നതും.

അതേസമയം വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കാൻ മുത്തയ്യ മുരളീധരൻ തന്നെയാണ് എത്തുക. ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി അറിയിച്ചു. എന്നാൽ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്നും, അദ്ദേഹം സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി  കൂട്ടിച്ചേർത്തു.വിജയ് സേതുപതി തന്നെ അവതരിപ്പിക്കാൻ വെള്ളിത്തിരയിൽ എത്തുന്നുവെന്നത് ഏറെ അഭിമാനമുള്ള കാര്യമാണെന്ന് മുരളീധരൻ അറിയിച്ചു.

ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഡിസംബറിലാണ് ചിത്രീകരണം തുടങ്ങുക.

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ ജയറാമിനൊപ്പം മലയാളത്തിലേക്കും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു. ലോകത്തിലെ എല്ലാറ്റിനെയും പ്രണയിക്കുന്ന മത്തായിയുടെ സ്‌നേഹകഥയാണ് ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമ.‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം എന്ന നിലയില്‍തന്നെ മാര്‍ക്കോണി മത്തായി തീയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.