‘മഴയോട് ചേർന്ന് ഞാൻ നിന്നു’; പതിനെട്ടാം പടിയിലെ മനോഹര ഗാനവുമായി സിത്താര; വീഡിയോ

July 2, 2019

ചില ഗാനങ്ങൾ അങ്ങനെയാണ് മഴപോലെ മനസ്സിൽ അലിഞ്ഞു ചേരും…കാലങ്ങൾ എത്ര കഴിഞ്ഞാലും മനസുകളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുണ്ട് ചില ഗാനങ്ങൾ. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെയ്ക്കാന്‍ മനോഹരമായൊരു ഗാനംകൂടി സമ്മാനിച്ചിരിക്കുകയാണ് പതിനെട്ടാം പടി എന്ന ചിത്രം. മഴയോട് ചേര്‍ന്ന് ഞാന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായിക സിത്താരയാണ്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പ്രഭാകർ ആണ്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി പ്രധാന കഥാപാത്രമായി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി.  ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി.

ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ‘അവൻ ഞങ്ങളെ വീണ്ടും ഞെട്ടിച്ചുകളഞ്ഞു’; മകന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലിഒരു ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.