‘അവൻ ഞങ്ങളെ വീണ്ടും ഞെട്ടിച്ചുകളഞ്ഞു’; മകന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ

July 1, 2019

ദേശീയ മെഡൽ കരസ്ഥമാക്കി നടൻ മാധവന്റെ മകൻ വേദാന്ത്. ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019-ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമടക്കമാണ് വേദാന്ത് കരസ്ഥമാക്കിയത്. ചാമ്പ്യൻഷിപ്പിന്റെ ചിത്രങ്ങളും വീഡിയോകളും മാധവൻ തന്നെയാണ് സാമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നതും.

അതേസമയം ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണ് മാധവന്‍.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി വന്നത്. ‘ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്ന്’ ടീസറില്‍ പറയുന്നുണ്ട്.

Read also: ‘മലയാള സിനിമ ഇനി ഭരിക്കുന്നത് അഹാന’- മാല പാർവതി, കണ്ണുനിറഞ്ഞ് അഹാന…

ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നത്. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. നമ്പി നാരായണന്റെ ലുക്ക് ലഭിക്കുന്നതിനായി മണിക്കൂറുകൾ നീണ്ട മേക്കപ്പിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നമ്പി നാരായണനായുള്ള നടന്‍ മാധവിന്റെ മേക്കോവറും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.