മനോഹര പ്രണയം പറഞ്ഞ് ‘ഷിബു’; വീഡിയോ

July 16, 2019

വെള്ളിത്തിരയിലേക്കെത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഷിബു’. കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മലയാളികളുടെ പ്രിയ ഹാസ്യ താരം ബിജുക്കുട്ടനു ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ സച്ചിൻ വാര്യർ ഈണമിട്ട് മലയാളികളുടെ പ്രിയ യുവഗായകൻ ഹരിശങ്കർ ആലപിച്ച ഷിബുവിലെ ‘പുലരും വരെ’ ഗാനം പുറത്തിറങ്ങി. ജനപ്രിയനായകൻ ദിലീപാണ് ഗാനം പുറത്തിറക്കിയത്.

’32ാം അധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിനു ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഷിബു’. കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും.

Read more: കാത്തിരിപ്പിന് വിരാമം; തല അജിത്ത് നായകനായെത്തുന്ന ‘നേര്‍കൊണ്ട പാര്‍വൈ’ ഓഗസ്റ്റില്‍

നര്‍മ്മവും പ്രണയവുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ടീസറും. ഷിബു എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനങ്ങള്‍ക്കും ലഭിച്ചിരുന്നത്. സച്ചിന്‍ വാര്യരാണ് ഷിബുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാട്ടിലും ടീസറിലുമെല്ലാം പുലര്‍ത്തിയ മികവ് ചിത്രത്തിലുമുണ്ടായാല്‍ വെള്ളിത്തിരയിലെത്തുക മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ടി വരില്ല.