‘സിനിമയോളം പ്രണയത്തെ അറിഞ്ഞ മറ്റെന്താണുള്ളത്’…മനോഹര പ്രണയം പറഞ്ഞ് ‘തണ്ണീർമത്തൻ ദിനങ്ങൾ’, റിവ്യൂ വായിക്കാം

July 26, 2019

കണ്ടുമറക്കേണ്ട സിനിമാ കാഴ്ചയ്ക്ക് അപ്പുറം പ്രേക്ഷകരുടെ മനസ് തൊടുന്ന ഒരു കൊച്ചു ചിത്രം എന്ന് തെറ്റാതെ വിളിക്കാവുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘തണ്ണീർമത്തൻ  ദിനങ്ങൾ’. ലളിതമായ അവതരണ രീതിയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുവാൻ സംവിധായകൻ ഗിരീഷ് എ ഡിയ്ക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുമെന്നതിലും സംശയമില്ല.

വലിയ കൊട്ടിഘോഷങ്ങളോ ആർപ്പുവിളികളോ ഒന്നും ഇല്ലാതെ തന്നെ എത്തിയ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. കേള്‍വിയില്‍ പുതുമ പകരുന്ന ഗാനങ്ങളും ചിത്രത്തെ മികച്ചതാക്കുന്നതിൽ മുന്നിട്ടുനിന്നു. ‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകന്റെ ഉള്ളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്ന അനുഭൂതിയാണ് സമ്മാനിക്കുന്നത്.

തന്നിലെ നടനെ വീണ്ടും പൂർണതയിലെത്തിക്കാൻ വിനീത് ശ്രീനിവാസനും നിഷ്കളങ്കമായ അവതരത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ മാത്യൂസിനും അനശ്വരയ്ക്കും കഴിഞ്ഞിട്ടുണ്ട്. ഒപ്പം ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ സംവിധായകന്റെ മികവ്. സ്കൂൾ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളിൽ എടുത്തുപറയേണ്ട ഒരാളാണ് ജെയ്സന്റെ കൂട്ടുകാരനായി  എത്തിയ നസ്ലിൻ.പക്വതയാർന്ന അഭിനയത്തിലൂടെ നെൽസണും പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും റോളുകൾ അവരവരുടെ കൈകളിൽ ഭദ്രമായിരുന്നു.

ഒരു സെക്കന്റു പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാനാവാത്ത വിധം അതിവിദഗ്ധമായി സംവിധായകൻ ഓരോ സംഭവങ്ങളെയും കോര്‍ത്തിണക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്ക പ്രണയവും, സൗഹൃദവും, തമാശകളുമെല്ലാം തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞതും സംവിധാകന്റെയും അണിയറ പ്രവർത്തകരുടെയും മികവ് തന്നെയാണ്. ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ആദ്യ ചിത്രത്തിലൂടെത്തന്നെ തന്നിലെ മികവുറ്റ സംവിധായകനെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാണിച്ചു. ഒപ്പം മികച്ച ഒരു തിരക്കഥയ്ക്ക് ജന്മം നൽകി അവിടെയും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഗിരീഷും ഡിനോയും. കഥയുടെ മൂഡിനും സൗന്ദര്യത്തിനും അനുസരിച്ചുള്ള ലൈറ്റിങ്ങിലൂടെ ഛായാഗ്രഹണവും അതിഗംഭീരമായി. അതിനോടൊപ്പം തന്നെ കൈയ്യടിക്ക് അർഹമാണ് ചിത്രസംയോജനവും.

പ്ലസ് ടു കാലഘട്ടത്തിലൂടെ പറഞ്ഞുപോകുന്ന ചിത്രത്തിൽ പുതിയ സ്കൂളിൽ എത്തുന്ന ജെയ്സണിലൂടെയാണ് കഥ നീങ്ങുന്നത്. പുതിയ സ്കൂളിൽ എത്തിയതു മുതൽ നന്നായി പഠിക്കാൻ തീരുമാനിക്കുന്ന ജെയ്‌സൺ എടുപ്പിലും നടപ്പിലും വരെ ഒരു പഠിപ്പിസ്റ്റിന്റെ ലുക്കിലേക്ക് മാറി. എന്നാൽ ആദ്യ ക്ലാസ് ടെസ്റ്റിലൂടെ പണിപാളി എന്നറിയുന്ന ജെയ്സൺ പിന്നീട് ആ ശ്രമം ഒഴിവാക്കി ക്രിക്കറ്റിലേക്ക് തന്നെ തിരിയുകയാണ്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ തണ്ണീർമത്തനുമായി ഈ കുട്ടികൾക്ക് വലിയ ബന്ധമാണുള്ളത്. സ്കൂളിന്റെ അടുത്തുള്ള ഒരു ചെറിയ പെട്ടിക്കടയിൽ ജെയ്സനും സുഹൃത്തുക്കളും സ്ഥിരമായി തണ്ണീർമത്തൻ ജ്യൂസ് കുടിക്കാൻ പോകും. ഇതാണ് ഇവരുടെ പ്രധാന സംഗമ കേന്ദ്രം.

മനോഹരമായ സ്കൂൾ കലഘട്ടത്തിനിടയിൽ ക്ലാസിലെ സുന്ദരിയായ ഒരു പെൺകുട്ടിയോട് ജെയ്‌സണ്തോന്നുന്ന പ്രണയവും ചിത്രത്തിൽ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.  പിന്നീട് സ്കൂളിൽ എത്തുന്ന പുതിയ മലയാളം അധ്യാപകൻ രവി പത്മനാഭ (വിനീത് ശ്രീനിവാസൻ)നിലൂടെയുമാണ് കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്. സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ടവനായി രവി സർ മാറുകയാണ്. എന്നാൽ രവി സാറും ജെയ്സണും തമ്മിൽ നിരവധി തവണ സ്വര ചേർച്ചകൾ ഉണ്ടാകുന്നു. പിന്നീട് സ്കൂളിൽ സംഭവിക്കുന്ന ചില  സംഭവങ്ങളിലൂടെയാണ് കഥ അവസാന ഭാഗങ്ങളിലേക്ക് നീങ്ങുന്നത്. സ്കൂൾ കാലഘട്ടത്തിൽ ഉണ്ടാകുന്ന എല്ലാ വികാരങ്ങളെയും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. എന്തായാലും ചിത്രം രണ്ടര മണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ തിയേറ്ററിൽ  ഇരുത്തുമെന്ന് ഉറപ്പാണ്.

അനു ജോർജ്