‘അത് കഴിഞ്ഞ വര്‍ഷത്തെ പ്രളയചിത്രമല്ല’; മഴദുരിതം വിവരിച്ച് ജൂഡ് ആന്റണി: വീഡിയോ
സംസ്ഥാനത്ത് മഴ കനക്കുന്നു. 12 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനേ തുടര്‍ന്ന് ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളം കയറിയ നിലയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും ഞായറാഴ്ച വരെ അടച്ചിട്ടു. ആലുവാ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകന് ജൂഡ് ആന്റണി ഒരു ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രം കഴിഞ്ഞ വര്‍ഷത്തേതാണോ എന്നായിരുന്നു ആധികം ആളുകളുടെയും സംശയം. ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സംവിധായകന് ആലുവായുടെ ദുരിതം വിവരിച്ചത്.
ജൂഡ് ആന്റണി പറഞ്ഞത്:
ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതും. അത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാന്‍ തീരുമാനിച്ചത്.’
എന്റെ പുറകില്‍ നിങ്ങള്‍ക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ നോക്കി നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.’
‘കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക.’