“അമ്പിളി പരിപാടി നടത്തിയാല്‍ സൂപ്പറായിരിക്കും”; അതിശയിപ്പിച്ച് സൗബിന്‍: വീഡിയോ

August 19, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘അമ്പിളി. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. സൗബിന്റെ തികച്ചും വിത്യസ്തമായ പ്രകടനംതന്നെയാണ് ടീസറിലെ മുഖ്യ ആകര്‍ഷണം.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നസ്രിയയുടെ സഹോദരന്‍ നവീനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more:‘മനമറിയുന്നോള്…’ ശ്രദ്ധേയമായി ‘പൊറിഞ്ചുമറിയംജോസ്’ ലെ പാട്ട്: വീഡിയോ

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.