പ്രണയാര്‍ദ്ര ഭാവങ്ങളില്‍ നിറഞ്ഞ് വിജയ് ദേവരക്കൊണ്ട; ശ്രദ്ധേയമായി ഗാനം
പ്രണയത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ പാട്ടിനേക്കാളും മറ്റൊന്നിനും ആവില്ല. പ്രണയഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകരും ഏറെയാണ്. പ്രണയഗാനങ്ങളെപ്പോലെതന്നെ പ്രണയ നായകന്മാര്ക്കുമുണ്ട് ആരാധകര്‍ ഏറെ. കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും താരത്തിന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് നിരവധി ആരാധകര്‍. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഡിയര്‍ കോമ്രേഡിലെ ഒരു മനോഹര പ്രണയ ഗാനം.
പ്രണയത്തിന്റെ ആര്‍ദ്രതയും തീവ്രതയുമെല്ലാം വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ഈ ഗാനരംഗത്തില്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ ‘ഓ കാലലാ കാതലാ…’ എന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. റഹ്മാന്റെ വരികള്‍ക്ക് ജസ്റ്റിന് പ്രഭാകരനാണു സംഗീതം പകര്‍ന്നിരിക്കുന്നത്. സത്യപ്രകാശും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ആലാപനം. പ്രണയത്തോടൊപ്പം തന്നെ യാത്രയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട് ഈ ഗാനരംഗത്തില്‍.
Read more:ഇതാ; ‘ഇഷ്കി’ലെ കത്രിക വയ്ക്കാത്ത സംവിധായകന്റെ വേര്‍ഷന്‍: വീഡിയോ
ഭരത് കമ്മ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തി. ടാക്സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഡിയര്‍ കോമ്രേഡിനുണ്ട്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. മൈത്രി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിയര്‍ കോമ്രേഡിലെ ‘മധുപോലെ പെയ്ത മഴയില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ചിത്രത്തിനുവേണ്ടിയുള്ള കോമ്രേഡ് ആന്തം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ്. ഈ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.