നിറഞ്ഞാടി ഡിസ്കോ ഡാന്‍സര്‍ ചെമ്പനും ആക്ഷന്‍ ഹീറോ ജോജുവും; ‘പൊറിഞ്ചുമറിയംജോസ്’ റിവ്യൂ

August 23, 2019

‘മലയാള സിനിമ ഇനി അടക്കി വാഴുക ജോജു ജോർജ് എന്ന നടൻ തന്നെ’..’ജോസഫ്’ എന്ന ചിത്രത്തിന് ശേഷം മലയാളികൾ ഒന്നടങ്കം പറഞ്ഞ ആ വാക്കുകൾ വീണ്ടും ആവർത്തിക്കപ്പെടുമെന്ന് ഉറപ്പ്..’ പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഹിറ്റ് മേക്കർ ജോഷി കാണിച്ചു തരുന്നതും അതുതന്നെ. സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ടാണ് ജോജുവും ചെമ്പൻ വിനോദും ഉൾപ്പെടെയുള്ള ഓരോ കഥാപാത്രങ്ങളും പൊറിഞ്ചു മറിയം ജോസിൽ അവതരിച്ചിരിക്കുന്നത്.

കഥയ്ക്കും കഥാതന്തുവിനും അപ്പുറം കഥാപാത്രങ്ങളിലെ അഭിനയ മികവുകൊണ്ട് ചിത്രം പ്രേക്ഷകര്ക്കിടയിൽ സ്വീകരിക്കപ്പെടുമെന്നുറപ്പ്. അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ജോജുവിനും ചെമ്പന്‍ വിനോദിനുമൊപ്പം നൈല ഉഷയും, വിജയ രാഘവനും, സുധി കോപ്പയും, സലിം കുമാറും, ടി ജി രവിയും, രാഹുൽ മാധവും, സ്വാസികയും മാല പാർവതിയും തുടങ്ങി ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെയും വെള്ളിത്തിരയിൽ എത്തിച്ച എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

60 കളുടെ പശ്ചാത്തലത്തിലൂടെ ആരംഭിച്ച ‘പൊറിഞ്ചുമറിയംജോസ്’ അവസാനിക്കുന്നത് 1985 കളിലാണ്. തൃശൂരിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുന്നാളിന്റെയുമൊക്കെ പശ്ചാലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെറിയവനും വലിയവനും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന്ന ചിത്രം പറയാതെ പറഞ്ഞിരിക്കുന്നതും സമൂഹത്തിൽ നിലനിന്നിരുന്ന അല്ലെങ്കിൽ ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ആ ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ പൊളിറ്റിക്സ് തന്നെയാണ്.

പൊറിഞ്ചു ജോയി,  ആലപ്പാട്ട് മറിയം, ജോസ് എന്നീ  മൂന്ന് സുഹൃത്തുക്കളുടെ ഹൈസ്‌കൂൾ കാലഘട്ടത്തിലൂടെ ആരംഭിക്കുന്ന കഥ പറഞ്ഞുതുടങ്ങുന്നതും, കാശിന്റെ ബലത്തിൽ മനുഷ്യനിൽ ഉണ്ടായ വലിപ്പ ചെറുപ്പത്തെ കുറിച്ച്  തന്നെയാണ്. സാമ്പത്തീക ഭദ്രതയില്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന പൊറിഞ്ചുവിന് പ്രമാണിയായ ആലപ്പാട്ട് വർഗീസിന്റെ മകൾ  മറിയത്തോട് തോന്നുന്ന പ്രണയം, കൂട്ടുകാരന്റെ പ്രണയത്തിന് കട്ട സപ്പോർട്ടായി വരുന്ന ഉറ്റ ചങ്ങാതി. സമൂഹത്തിൽ ഇരുവർക്കുമുള്ള വലിപ്പ ചെറുപ്പം മൂലം ഒരിക്കലും ഒന്നുചേരാൻ കഴിയാത്ത പ്രണയ ജോഡികളായി മാറുന്ന പൊറിഞ്ചുവും മറിയവും. ഇവർക്കിടയിൽ സംഭവിക്കുന്ന സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും നിമിഷങ്ങൾ. ഒരു പള്ളിപെരുന്നാളിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

പൊറിഞ്ചുവായി ചിത്രത്തിൽ നിറഞ്ഞുനിന്ന ജോജുവിന്റെയും, ജോസായി നാടിനെ മുഴുവൻ ഇളക്കിമറിച്ച ചെമ്പൻ വിനോദിന്റെയും അഭിനയം ഒന്നിനൊന്ന് മികച്ചത് തന്നെ. ഈ കഥാപാത്രങ്ങളെ ഇതിലും മനോഹരമാക്കാൻ മറ്റാർക്കും സാധിക്കില്ല എന്നതും എടുത്തുപറയാതെ വയ്യ. അത്രമാത്രം കഥാപാത്രങ്ങളെ ജീവിതത്തിലേക്ക് ഒപ്പിയെടുത്തിരിക്കുകയാണ് ഈ താരങ്ങൾ. ജോസിന്റെ അനിയനായി വേഷമിട്ട സുധി കോപ്പയുടെ പ്രകടവും ചിലപ്പോഴൊക്കെ പ്രേക്ഷകന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിട്ടുണ്ടാവും. അവിശ്വസനീയമാംവിധമാണ് ജോജു ചിത്രത്തിൽ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ സംവിധായകന്റെ പ്രാവീണ്യം തന്നെ ചിത്രത്തെ മികച്ചതാക്കി നിർത്തുന്നു.

അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥയിലെ കെട്ടുറപ്പും, ചിത്രത്തെ പ്രേക്ഷകരോട് ചേർത്തുനിർത്തുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളൊക്കെയും ഈ ചിത്രത്തിൽ വന്നുപോയിട്ടുണ്ടെന്നുള്ളതും ഏറെ ശ്രദ്ധേയം. ചിത്രത്തിലൂടെ തൃശൂരിനെ അതിന്റെ എല്ലാ വികാരങ്ങളോടും കൂടെ പൂർണമായും ക്യാമറയിൽ ഒപ്പിയെടുക്കാൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ചിത്രത്തിന് അതിന്റെ പൂർണത നല്കാൻ എഡിറ്റിങ്ങിലൂടെ ശ്യാം ശശിധരൻ കാണിച്ച മികവും ഏറെ പ്രശംസനീയം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളാണ് ചിത്രത്തിൽ ഉടനീളം. പ്രണയത്തിനപ്പുറം, സൗഹൃദത്തിന്റെയും, ഒരു നാടിന്റെയും കഥ പറയുന്ന ചിത്രമെന്നു കൂടി ഈ ജോഷി ചിത്രത്തെ തെറ്റുകൂടാതെ വിളിക്കാം. ഡിസ്കോ ഡാൻസർ ചെമ്പനും, കശാപ്പുകാരന്‍ പൊറിഞ്ചുവും പ്രേക്ഷകരെ രണ്ടര മണിക്കൂർ തിയേറ്ററിൽ പിടിച്ചിരുത്തും. എന്നാൽ പുതിയ ട്രെൻഡുകൾ പരീക്ഷിക്കപെടുന്ന മലയാള സിനിമയിൽ ഈ ജോഷി ചിത്രം വേറിട്ടുതന്നെനിൽക്കും.

അനു ജോർജ്