വിധി വീൽചെയറിലാക്കിയ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച് ഫ്‌ളവേഴ്സ് ടിവി ജീവനക്കാർ

August 20, 2019

കരുണവറ്റാത്ത സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന വേദിയാണ് ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭ്യമാകുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്ന ഈ പരിപാടി ഇതിനോടകം തന്നെ ലോക മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.

വ്യത്യസ്ത അപകടങ്ങളിലായി അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയ മൂന്ന് സുഹൃത്തുക്കളാണ് മാവേലിക്കര, കോവന്നൂർ സ്വദേശികളായ രാജേഷ്, രാജീവ്, പ്രദീപ് എന്നിവർ. തളർന്ന ശരീരത്തിൽ തളരാത്ത മനസുമായി ജീവിക്കുന്ന ഈ ചെറുപ്പക്കാർക്ക് സ്വന്തമായി ഒരു തൊഴിൽ ചെയ്യണം.

വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന രാജേഷിന്റെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ജാക്കി തെറ്റി വാഹനം രാജേഷിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ രാജേഷിന് നിരവധി ചികിത്സകൾ നൽകിയെങ്കിലും അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയി. സുഹൃത്തുക്കൾക്കൊപ്പം സ്വന്തമായി ഒരു തൊഴിൽ എന്നതാണ് രാജേഷിന്റെ സ്വപ്നം.

ജോലിക്കായി ഗോവയ്ക്ക് വണ്ടി കയറുമ്പോൾ രാജീവിനും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങൾ. എന്നാൽ വിധി മറ്റൊന്നായിരുന്നു അദ്ദേഹത്തിനായി നീക്കി വച്ചിരുന്നത്. ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ രാജീവ് 18 വർഷങ്ങളായി അരയ്ക്ക് കീഴ്പോട്ട് തളർന്ന് വീൽചെയറിലാണ്.

ദുബായിലെ വാഹനാപകടത്തിലാണ് പ്രമോദിന് അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയത്. 13 വർഷത്തോളമായി പ്രമോദിന്റെ ജീവിതവും വീൽചെയറിലാണ്. രാജീവിനെയും രാജേഷിനെയും പോലെത്തന്നെ കുടുംബത്തെ ആശ്രയിക്കാതെ ജീവിക്കാൻ സ്വന്തമായി ഒരു തൊഴിൽ എന്നതാണ് പ്രമോദിന്റേയും സ്വപ്നം.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പേപ്പർ ബാഗുകൾ നിർമ്മിക്കാൻ ഇവർ പരിശീലിച്ചിട്ടുണ്ട്. മൂവർക്കും കൂടി ഒരു പേപ്പർ ബാഗ് യൂണിറ്റ് എന്നതാണ് ഇവരുടെ ഇപ്പോഴത്തെ സ്വപ്നം. ജീവിതം സ്വന്തം കൈപ്പിടിയിലേക്ക് ഒതുക്കുന്നതിനായി തളരാത്ത മനസുമായി സ്വയം തൊഴിൽ ചെയ്യുന്നതിന് സഹായത്തിനായി സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച ഈ സുഹൃത്തുക്കളെ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ഫ്‌ളവേഴ്സ് ടിവിയിലെ ജീവക്കാർ. ഇവരുടെ പേപ്പർ ബാഗ് യൂണിറ്റ് എന്ന സ്വപ്നം ഫ്‌ളവേഴ്സ് ടിവി ജീവനക്കാരിലൂടെ ഉടൻ സാധ്യമാകും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C