വെള്ളത്തിനു നടുവില്‍ പ്രളയത്തെ അതിജീവിച്ച് ഒരു വീട്

August 12, 2019

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു വീടിന്റെ ചിത്രങ്ങള്‍. ചുറ്റും വെള്ളം ഉയര്‍ന്നിട്ടും പ്രളയ ജലത്തെ ഭയക്കാതെ ഉറങ്ങാനാകും എന്നതാണ് ഈ വീടിന്റെ ആകര്‍ഷണം. ചെറുതന പാണ്ടി ചെറുവള്ളില്‍ തറയില്‍ ഗോപാലകൃഷ്ണനും കുടുംബത്തിനും തങ്ങള്‍ക്ക് പ്രീയപ്പെട്ട വീട് കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കെയര്‍ ഹോം പദ്ധതി പ്രകാരമാണ് ചിങ്ങോലി സര്‍വ്വീസ് സഹകരണ ബാങ്ക് ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിര്‍മ്മിച്ച് നല്‍കിയത്.

വെള്ളത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മ്മാണം. നാല് അടിയോളം ഉയരത്തില്‍ 36 റിങ്ങുകള്‍ക്ക് മുകളിലായാണ് ഈ വീട്. 550 ചതുരശ്ര അടിയുള്ള വീട്ടില്‍ മൂന്ന് മുറികളും ഹാളും അടുക്കളയുമുണ്ട്. 11 ലക്ഷത്തോളം രൂപ മുതല്‍മുടക്കിയാണ് ഈ വീടിന്റെ നിര്‍മ്മാണം.Read more:മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകളിൽ താൽക്കാലിക ടോയ്ലറ്റുകൾ നൽകി നടൻ ജയസൂര്യ,​

അതേസമയം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ നിരവധി വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കെയര്‍ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി 2000 ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു വരികയാണ്.

കേരളത്തിന്റെ പുനര്‍നിര്‍മാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സര്‍ക്കാര്‍. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാന്‍ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം നടത്തുന്നത്.