ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം’ ആളപായമില്ല
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചി ഇടപ്പള്ളിയിലുള്ള വീട്ടില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരു മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടില്‍ തീ പടര്‍ന്നത്. ശ്രീശാന്തിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമായിരുന്നു തീപിടുത്ത സമയത്ത് വീട്ടിലുണ്ടായിരുന്നത്.
അതേസമയം തീപിടുത്തത്തില്‍ ആളപായമില്ല. തൃക്കാക്കര ഗാന്ധിനഗര്‍ നിലയത്തിലെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. വീട്ടില്‍ നിന്നും പുക ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം കണ്ട്രോള് റൂമില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വീടിന്റെ മുകളിലത്തെ നിലയിലുള്ള ഗ്ലാസ് ഡോര്‍ തുറന്ന്, ഏണി വഴിയാണ് വീട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത്.
Read more:നിറഞ്ഞാടി ഡിസ്കോ ഡാന്‍സര്‍ ചെമ്പനും ആക്ഷന്‍ ഹീറോ ജോജുവും; ‘പൊറിഞ്ചുമറിയംജോസ്’ റിവ്യൂ
അതേസമയം കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചത്. വിലക്ക് ഏഴ് വര്‍ഷമായാണ് കുറച്ചത്. ഇതുപ്രകാരം 2020 സെപ്തംബറോടെ താരത്തിന്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡികെ ജെയിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പെടുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീന്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീംകോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടര്‍ന്നു.
പലതവണ അപ്പീല്‍ നല്‍കിയിട്ടും ബിസിസിഐ വിലക്ക് മാറ്റാന്‍ തയാറായിരുന്നില്ല. അതേസമയം ഈ വര്‍ഷം ഏപ്രിലില്‍ ഓംബുഡ്സ്മാനോട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിലക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള ബിസിസിഐയുടെ നടപടി.