മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു

August 9, 2019

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. അടുത്ത ഞായറാഴ്ച (12 ) വരെയാണ് വിമാനത്താവളത്തിലെ സർവീസ് നിർത്തലാക്കിയിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. വിമാനത്താവളത്തിന് അകത്ത് ഇതുവരേ വെള്ളം കയറിയിട്ടില്ല എന്നാൽ പുറകുവശത്തുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളം താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം.

വിമാന സർവീസ് താത്കാലികമായി നിർത്തിവച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് നടത്തുന്നതിന് ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കേന്ദ്ര ജല കമ്മീഷൻ പന്ത്രണ്ട് ജില്ലകളിൽ പ്രളയബാധിത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. കൂടാതെ കർണാടകയിലെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.