കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയോടെ ജനങ്ങൾ

August 10, 2019

മധ്യകേരളത്തില്‍ മഴ കുറഞ്ഞു സ്ഥിതി ശാന്തമാകുകയാണ്. എന്നാൽ ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടില്‍ വെള്ളം ഉയരുന്നുണ്ട്. എസി റോഡിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കിഴക്ക് ഭാഗത്തുനിന്നുള്ള വെള്ളത്തിന്‍റെ വരവ് ശക്തമായാൽ കുട്ടനാട്ടിലെ വീടുകളിൽ വെള്ളം കയറുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. ഒപ്പം വീട്ടുപകരണങ്ങളടക്കമുള്ളവ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ തണ്ണീർമുക്കം ബണ്ട് ,തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻഡിആർഎഫും സൈന്യവുമടക്കം സജ്ജമാണെന്നും അധികൃതർ അറിയിക്കുന്നുണ്ട്.