വരിക്കാശ്ശേരി മനയിൽ നിന്നും ഒരു മമ്മൂട്ടി ചിത്രം; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

August 31, 2019

സിനിമ താരങ്ങളെപോലെത്തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് വരിക്കാശ്ശേരി മനയും. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ തറവാടായി മാറിയ വരിക്കശേരി മനയിൽ നിന്നുള്ള പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വരിക്കാശ്ശേരി മനയിൽ മലയാളികളുടെ സൂപ്പർതാരം മമ്മൂട്ടി ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് വരിക്കാശേരി മനയുടെ പൂമുഖത്ത് ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്. അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഈ സിനിമയുടെ ചിത്രീകരണ സമയത്തെ ചിത്രമാണിതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം നടന്‍ രാജ് കിരണും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. താരം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

Read also: ഗായകനും നായകനുമായി ഇന്ദ്രജിത്ത്; ‘ആഹാ’ ഒരുങ്ങുന്നു

അതേസമയം ഷൈലോക്ക് എന്ന സിനിമയില്‍ താന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ‘പിശുക്കനായ പലിശക്കാരനായാണ് താന്‍ ചിത്രത്തിലെത്തുന്നത്. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും’ മമ്മൂട്ടി പറഞ്ഞിരുന്നു.

‘പതിനെട്ടാം പടി’യാണ് മമ്മൂട്ടി അഭിനയിച്ചതില്‍ അവസാനമായി തീയറ്ററുകളിലെത്തിയത്. ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.