മണിരത്‌നം മാജിക് ‘പൊന്നിയിൻ സെൽവൻ’ ആരംഭിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ താരനിര

August 3, 2019

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ  മണിരത്നം. നിരവധി മികച്ച ചിത്രങ്ങൾക്ക് ജന്മം നൽകിയ മണിരത്‌നം പുതിയ മാജിക്കുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്. പൊന്നിയിൻ സെൽവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്ക ഷെട്ടി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ എത്തുമെന്നുള്ള വർത്തകൾ നേരത്തെ വന്നെങ്കിലും അതേക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക്  മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കുകയാണ് ചെയ്‌തത്‌. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.

Read also‘ഫ്രീക്ക് ലുക്ക് ആദ്യം കാണിച്ചത് മമ്മൂക്കയെ; അദ്ദേഹം നൽകിയത് രസകരമായ മറുപടി’, ജയറാം..

അതേസമയം ഏറ്റവും പുതിയ മണിരത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.

വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്..ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിച്ച്‌ ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം എന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍.